യു.എസ്.എയിൽ ട്വന്‍റി20 ലോകകപ്പ് നടത്തിയ ഐ.സി.സിക്ക് നഷ്ടം 167 കോടി! ജയ് ഷാ തലപ്പത്തേക്ക് വരുമോ?

ദുബൈ: ട്വന്‍റി20 ലോകകപ്പ് മത്സരങ്ങൾ യു.എസ്.എയിൽ സംഘടിപ്പിച്ചതു വഴി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി) 167 കോടി രൂപയുടെ (20 മില്യൺ യു.എസ് ഡോളർ) നഷ്ടമുണ്ടായതായി റിപ്പോർട്ട്.

യു.എസ്.എയും വെസ്റ്റിൻഡീസും സംയുക്തമായാണ് ഇത്തവണ ലോകകപ്പിന് വേദിയായത്. വെള്ളിയാഴ്ച കൊളംബോയിൽ ആരംഭിക്കുന്ന ഐ.സി.സിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിലെ പ്രധാന ചർച്ച വിഷയവും ഇതുതന്നെയാകും. ഒമ്പത് അജണ്ടകളിൽ ഇക്കാര്യമില്ലെങ്കിലും യോഗത്തിൽ വിഷയം ചർച്ചയാകുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ലോകകപ്പിലെ വലിയൊരുഭാഗം മത്സരങ്ങൾക്കും വേദിയായത് യു.എസ്.എയാണ്. ലോകകപ്പിലെ ത്രില്ലർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരം നടന്നതും ന്യൂയോർക്കിലാണ്.

നാലു ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മറ്റൊന്ന് ജയ് ഷായുടെ ഐ.സി.സിയുടെ തലപ്പത്തേക്കുള്ള കടന്നുവരവാണ്. ഷാ ഐ.സി.സി ചെയർമാനാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്, അത് എന്നാകും എന്ന ചോദ്യത്തിനു മാത്രമാണ് ഇനി ഉത്തരം ലഭിക്കാനുള്ളത്. നിലവില്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയാണ് ഐ.സി.സി ചെയര്‍മാന്‍. അടുത്ത ചെയര്‍മാന്‍ എന്ന് സ്ഥാനമേല്‍ക്കണം എന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും കൊളംബോയിൽ നടക്കും.

ബി.സി.സി.ഐ സെക്രട്ടറി ചുമതല വഹിക്കുന്ന ഷാക്ക് 2025 വരെ കാലാവധിയുണ്ട്. അതേസമയം, ബാര്‍ക്ലേയുടെ കാലാവധി ഈ വർഷത്തോടെ അവസാനിക്കും. ബാര്‍ക്ലേയുടെ കരാര്‍ അവസാനിക്കുകയും, ബി.സി.സി.ഐയുമായി ഷാക്ക് അടുത്ത വര്‍ഷം വരെ കരാർ ബാക്കിയുള്ളതും കാരണം ഐ.സി.സിയുടെ താക്കോല്‍ സ്ഥാനത്ത് എപ്പോള്‍ പുതിയ ചുമതലക്കാരൻ എത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബാര്‍ക്ലേയക്ക് ഒരു വർഷം കൂടി കരാർ നീട്ടി നൽകാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

Tags:    
News Summary - ICC Loses Rs 167 Crore After Hosting T20 World Cup 2024 In USA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.