കാബൂളിന്റെ തെരുവോരങ്ങൾക്ക് പോരാട്ടത്തിന്റെ കഥകൾ പറയാനുണ്ട്. തീക്കാറ്റ് പറക്കുന്ന അന്തരീക്ഷത്തിൽ ക്രിക്കറ്റിന്റെ തണുത്ത കാറ്റ് വീശി ലോക ക്രിക്കറ്റ് പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയ അഫ്ഗാനിസ്താൻ ഇത്തവണ ഇന്ത്യയിലെത്തുന്നത് തങ്ങളുടെ മൂന്നാം ലോകകപ്പ് മത്സരങ്ങൾക്കാണ്.
നാലു കോടി ജനങ്ങളുള്ള രാജ്യം ക്രിക്കറ്റിനെ മാത്രം പ്രിയംവെച്ചുപോന്ന പൈതൃകം. കളിയാരവം ലോക സ്വീകാര്യത നേടിത്തുടങ്ങിയ കാലംമുതലേ കളിപാടവങ്ങളിൽ അയൽപക്കക്കാരായ പാകിസ്താനെ വെല്ലുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്ന യുവനിരകൾ.
പതിയെ കളിമികവിലെ മുന്നേറ്റം 1995ൽ അവരെ ടീമൊരുക്കത്തിലെത്തിച്ചു. 2000ത്തിനുശേഷം ക്രിക്കറ്റ് ലോകത്തേക്ക് സജീവമായി ഇറങ്ങിത്തുടങ്ങിയ അഫ്ഗാൻ 2015ൽ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് എന്ന സ്വപ്നവേദിയിലെത്തി. ഗ്രൂപ് ഘട്ടങ്ങളിൽ കളിയവസാനിച്ച ആ ടൂർണമെന്റിൽ പല ക്രിക്കറ്റ് രാജാക്കന്മാരെയും വിറപ്പിച്ചാണ് ടീം തോൽവികൾ വഴങ്ങിയത്.
തൊട്ടടുത്ത ലോകകപ്പിലും അവസരം ലഭിച്ച ടീമിന് ഗ്രൂപ് ഘട്ടത്തിന് പുറത്തേക്ക് മുന്നേറാനായില്ല. 2023ലും തങ്ങളുടെ ചോരാത്ത വീര്യത്തോടെ കളത്തിലിറങ്ങുകയാണ്. ലോകോത്തര ബൗളർമാരുടെ തീയുണ്ട സ്പെല്ലുകളും സ്പിന്നുകളും മറികടന്ന് അനായാസം സ്കോർ ചെയ്യാൻ പ്രാപ്തിയുള്ള ഇബ്രാഹീം സദ്റാൻ നയിക്കുന്ന മുൻനിര ശക്തമാണെങ്കിലും ടീമിന്റെ പ്രതീക്ഷ സ്പിൻ മാന്ത്രികതകൊണ്ട് പ്രശസ്തി നേടിയ റാഷിദ് ഖാനും മുഹമ്മദ് നബിയും നയിക്കുന്ന മധ്യനിരയിലാണ്.
തകർത്തെറിയുന്ന എതിർകാറ്റിനെ ബാറ്റുകൊണ്ടും ബാൾകൊണ്ടും മാറ്റി വീശി ചരിത്രം രചിച്ച മധ്യനിര പ്രകടനം എതിർടീമുകളെ മുൾമുനയിലാക്കാൻവരെ പ്രാപ്തിയുള്ളതാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളിലെ ടീമിന്റെ പ്രകടനങ്ങളും ട്വന്റി20 മത്സരങ്ങളിലും ഏഷ്യാകപ്പിലും പുറത്തെടുത്ത കരുത്തുറ്റ ടീം സ്പിരിറ്റും അഫ്ഗാന് നൽകുന്ന ആത്മധൈര്യം ചെറുതല്ല.
ഹഷ്മത്തുല്ല ഷാഹിദി (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്റാൻ, റിയാസ് ഹസൻ, റഹ്മത്ത് ഷാ, നജീബുല്ല സദ്റാൻ, മുഹമ്മദ് നബി, ഇക്രാം അലിഖിൽ, അസ്മത്തുല്ല ഒമറാസി, റാഷിദ് ഖാൻ, മുജീബുർറഹ്മാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫാറൂഖി, അബ്ദുൽ റഹ്മാൻ, നവീനുൽ ഹഖ്.
(6 മത്സരങ്ങളിൽ 1 ജയം, 5 തോൽവി)
(9 മത്സരങ്ങളിലും തോൽവി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.