ക്രിക്കറ്റിന്‍റെ പരിശുദ്ധരൂപമായ ടെസ്റ്റിനോട് ഇംഗ്ലീഷുകാർക്ക് പ്രത്യേക ഇഷ്ടമുണ്ട്. ബാറ്റിൽ തട്ടി പറന്നുപോകുന്ന വെള്ളപ്പന്തിനേക്കാൾ അവർക്ക് ലഹരി തലോടലേറ്റ് പുളഞ്ഞുപോകുന്ന ചുവന്ന പന്തിനോടാണ്. കാൽപന്തിന്‍റെ ഈറ്റില്ലത്തിൽ ചുവന്ന പന്തിൽ വിസ്മയം തീർക്കുന്ന ഒരു മാന്ത്രികൻ അവർക്കുണ്ട്. യോർക്ഷെയറിൽ നിന്നുള്ള അവനെ സ്നേഹത്തോടെ അവർ ജിമ്മിയെന്ന് വിളിച്ചു. കളിയിലും ഫാഷനിലും തിളങ്ങുന്ന അയാളെ അവർ ഇംഗ്ലീഷ് ക്രിക്കറ്റിന്‍റെ ഡേവിഡ് ബെക്കാമാക്കി. ഒരു മനോഹര സായാഹ്നത്തിൽ ആരുടെ കൂടെ ഡ്രിങ്ക് കഴിക്കണമെന്ന വിസ്ഡൺ ക്രിക്കറ്റ് മാഗസിൻ സർവ്വേയിൽ ഡേവിഡ് ബെക്കാമിനേക്കാൾ കൂടുതൽ പേർ തെരഞ്ഞെടുത്തത് ജയിംസ് ആൻഡേഴ്സണെയായിരുന്നു.
പ്രായം 38 കഴിഞ്ഞിട്ടും തളരാത്ത ആ വീര്യത്തെക്കണ്ട് ചെന്നൈയിലുള്ളവരും പറഞ്ഞു: ''ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്ന വിട്ട് പോകലെ''. ഉജ്ജ്വലമായി ബാറ്റ് ചെയ്തിരുന്ന ശുഭ്മാൻ ഗില്ലിനെയും ടെസ്റ്റ് സ്പെഷ്യലിസ്റ്റ് അജിൻക്യ രഹാനെയെയും ഒരേ ഓവറിൽ ഒരേ വടിവൊത്ത പന്തിൽ സ്റ്റംപ് തെറിപ്പിച്ച പന്തുകളിൽ ആ മാന്ത്രികതയുടെ മാധുര്യമുണ്ടായിരുന്നു. ഒരൊറ്റ സ്പെല്ലിൽ മത്സരത്തിന്‍റെ ഗതി ആൻഡേഴ്സൺ മാറ്റിമറിച്ചു. സ്െപല്ലിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ''പക്ഷേ എന്നിട്ടും അവർ പറയുന്നു, അവന് ഇംഗ്ലണ്ടിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മാത്രമേ ഇതൊക്കെ ചെയ്യാനാകൂയെന്ന്''. ആൻഡേഴ്സൺ സ്പെഷ്യൽ റിവേഴ്സ് സ്വിങ് ഇന്ത്യയിൽ ഫലിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു അത്.
ഹോം ട്രാക്ക് ബുള്ളിയെന്ന് വിമർശകർ പറയുന്ന ജെയിംസ് ആൻഡേഴ്സന്റെ പന്തുകൾ ഇതിനോടകം കൊത്തിപ്പറന്നത് 611വിക്കറ്റുകളാണ്. പേസ് ബൗളർമാരിൽ മറ്റൊരു ബൗളർക്കുമില്ലാത്ത നേട്ടം. 158 ടെസ്റ്റുകളിൽനിന്നായി 35000ത്തിനടുത്ത് പന്തുകെളറിഞ്ഞ ആൻഡേഴ്സൺ അത്ഭുതമാകുന്നത് ദീർഘകാല കരിയർകൊണ്ടു കൂടിയാണ്. ശ്രീലങ്കൻ പര്യടനത്തിന് പിന്നാലെ ഇന്ത്യയിലും വിക്കറ്റുകൾ വീഴ്ത്തി ഹോംട്രാക്ക് ബുള്ളിയെന്ന വിശേഷണങ്ങൾക്ക് 38ാം വയസ്സിൽ ജിമ്മി മറുപടി പറയുകയാണ്.
2003ലാണ് ജിമ്മി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ആസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുെമല്ലാം ഫാസ്റ്റ് ബൗളിങ് തലമുറകൾ മാറിവന്നപ്പോഴും 18 വർഷങ്ങൾക്കിപ്പുറവും ഇംഗ്ലണ്ടിന്‍റെ മുൻനിര ബൗളറായി ആൻഡേഴ്സൺ തുടരുകയാണ്. ബാറ്റിങ്ങിലെ പാഠപുസ്തകമെന്ന് വിശേഷണമുള്ള സാക്ഷാൽ സചിൻ ടെണ്ടുൽക്കർ 14 ടെസ്റ്റുകളിൽ നിന്നായി ഒൻപത് തവണയാണ് ആൻഡേഴ്സനുമുമ്പിൽ വീണത്. മൈക്കൽ ക്ലാർക്ക് ഒൻപത് തവണയും ക്രീസിൽ നങ്കൂരമിടാറുള്ള ജാക്വ്സ് കാലിസ്, കുമാർ സംഗക്കാര ഏഴുതവണയും ആൻഡേഴ്സണ് മുമ്പിൽ നിരായുധരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.