അഹ്മദാബാദ്: ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടനപ്പോരാട്ടത്തിൽ നാണക്കേടായി ഒഴിഞ്ഞ ഗാലറി. 1,32,000 കാണികളെ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം അരങ്ങേറിയത് ആളില്ലാ ഗാലറിയെ സാക്ഷിയാക്കിയാണ്. ക്രിക്കറ്റിന് ഏറെ വേരോട്ടമുള്ള ഇന്ത്യയിൽ ഇങ്ങനെയൊരു ഉദ്ഘാടന മത്സരം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഗാലറി ഒഴിഞ്ഞുകിടക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കാണികള്‍ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന സംശയമാണ് പലരും പങ്കുവെച്ചത്. ബി.സി.സി.ഐക്കെതിരെ കടുത്ത വിമർശനമാണ് ക്രിക്കറ്റ് ആരാധകർ ഉയർത്തുന്നത്. ലോകകപ്പിന്‍റെ മത്സരക്രമം മാറ്റിമറിച്ചതും ടിക്കറ്റ് വില്‍പനയിലെ അപാകതകളുമെല്ലാം കാണികള്‍ സ്റ്റേഡിയത്തില്‍ എത്താതിരിക്കാൻ കാരണമായെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാത്തതിനും രൂക്ഷ വിമർശനമുണ്ട്. ഉദ്ഘാടന മത്സരത്തിന്‍റെ 40,000 ടിക്കറ്റുകൾ ഗുജറാത്ത് ബി.ജെ.പി വാങ്ങിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
പ്രവൃത്തി ദിനമായതിനാലാകും ആളില്ലാതായതെന്നും വൈകീട്ടോടെ സ്റ്റേഡിയത്തിൽ ആളെത്തുമെന്നാണ് പ്രതീക്ഷയെന്നും മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് പ്രതീക്ഷ പ്രകടിപ്പിച്ചു. ‘ഓഫിസ് സമയം കഴിഞ്ഞാൽ കൂടുതൽ ആളുകൾ വരുമെന്ന് പ്രതീക്ഷിക്കാം. ഭാരതത്തിന്റേതല്ലാത്ത മത്സരങ്ങൾക്ക് സ്കൂൾ, കോളജ് കുട്ടികൾക്ക് സൗജന്യ ടിക്കറ്റ് നൽകണം. 50 ഓവർ മത്സരത്തോടുള്ള താൽപര്യം കുറയുമ്പോൾ, യുവതക്ക് ലോകകപ്പ് മത്സരം ആസ്വദിക്കാനും കളിക്കാർക്ക് നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ കളിക്കാനും ഇത് തീർച്ചയായും സഹായിക്കും’, സെവാഗ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
ഏകദിന ക്രിക്കറ്റിന് പ്രാധാന്യം നഷ്ടമായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തെപ്പോലും ആരാധകര്‍ കൈയൊഴിഞ്ഞത്. ഒക്ടോബർ 14ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ സ്റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷ. ഈ മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം വിൽപനക്ക് വെച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു.
ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡിന് 283 റൺസ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നിൽവെച്ചത്. ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാർ തരക്കേടില്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 7.4 ഓവറിൽ 40 റൺസ് ചേർത്ത കൂട്ടുകെട്ട് മിച്ചൽ സാന്റ്നറാണ് പൊളിച്ചത്. ഡേവിഡ് മലാനെ സാന്റ്നറുടെ പന്തിൽ ഡാറിൽ മിച്ചൽ പിടികൂടുകയായിരുന്നു. തുടർന്നെത്തിയ ജോ റൂട്ട് മികച്ച ഫോമിലായിരുന്നു. 86 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 77 റൺസാണ് റൂട്ട് അടിച്ചെടുത്തത്. താരത്തെ െഗ്ലൻ ഫിലിപ്സ് പുറത്താക്കുകയായിരുന്നു.
തുടർന്നെത്തിയ ബാറ്റർമാരിൽ ക്യാപ്റ്റൻ ജോസ് ബട്‍ലർ (43), ഓപണർ ജോണി ബെയർസ്റ്റോ (33), ഹാരി ബ്രൂക് (25) എന്നിവർക്ക് മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായത്. ഡേവിഡ് മലാൻ (14), മൊയീൻ അലി (11), ലിയാം ലിവിങ്സ്റ്റൺ (20), സാം കറൺ (14), ക്രിസ് വോക്സ് (11) ആദിൽ റാഷിദ് (പുറത്താകാതെ 15), മാർക് വുഡ് (പുറത്താകാതെ 13) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ന്യൂസിലാൻഡിനായി മാറ്റ് ഹെന്റി മൂന്നും മിച്ചൽ സാന്റ്നർ, െഗ്ലൻ ഫിലിപ്സ് എന്നിവർ രണ്ട് വീതവും വിക്കറ്റ് നേടിയപ്പോൾ ട്രെൻഡ് ബോൾട്ട്, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.