മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറിലേക്ക്. ആദ്യം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 410 റൺസാണെടുത്തത്. 88 വർഷത്തിനിടെ വനിതാ ടെസ്റ്റിൽ ഒരു ടീം ഒരു ദിവസം 400ൽ അധികം റൺസ് നേടുന്ന ആദ്യ സംഭവമാണിത്.
1935-ൽ ക്രൈസ്റ്റ് ചർച്ചിലെ ലാൻകാസ്റ്റർ പാർക്കിൽ ന്യൂസിലൻഡിനെതിരെ രണ്ട് വിക്കറ്റിന് 431 റൺസ് നേടിയ ഇംഗ്ലണ്ട് വനിതകളുടെ പേരിലാണ് ലോക റെക്കോഡുള്ളത്. ആസ്ട്രേലിയക്കെതിരെ ഒറ്റദിനം കൊണ്ട് നേടിയ 379 റൺസായിരുന്നു ഇന്ത്യയുടെ മുൻപുള്ള ഏറ്റവും ഉയർന്ന സ്കോർ.
ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബാറ്റർമാരുടേത്. ഓപണർമാരായ സ്മൃതി മന്ദാനയും(17) ഷഫാലി വർമയും (19) കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും മധ്യനിര തകർത്തടിച്ച് മുന്നേറുകയായിരുന്നു.
നാല് അർധ സെഞ്ച്വറികളാണ് മധ്യനിരയിൽ പിറന്നത്. സതീഷ് ശുഭ (69), ജമീമാഹ് റോഡ്രിഗസ് (68) യാസ്തിക ഭാട്ടിയ (66), ദീപ്തി ശർമ(60*) എന്നിവരുടെ അർധ സെഞ്ച്വറിയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (49) ഗംഭീര ചെറുത്തുനിൽപ്പുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
സ്നേഹ റാണ 30 റൺസെടുത്ത് പുറത്തായി. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 94 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് എന്ന നിലയിലാണ്. 60 റൺസെടുത്ത ദീപ്തി ശർമയും നാല് റൺസെടുത്ത് പൂജ വസ്ത്രാക്കറുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.