കാൺപുർ: പാകിസ്താനെതിരെ അവരുടെ മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ചരിത്രവിജയം നേടിയെത്തിയ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് തുടങ്ങിയ ഇന്ത്യ വെള്ളിയാഴ്ച രണ്ടാം മത്സരത്തിന്. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ന് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ആരംഭിക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ് ആതിഥേയർ. ഒരു ദിവസം ബാക്കിയിരിക്കെയായിരുന്നു ഒന്നാം ടെസ്റ്റിൽ രോഹിത് ശർമയുടെയും സംഘത്തിന്റെയും ജയം. അതിനെക്കാൾ വേഗത്തിൽ സന്ദർശകരെ പറഞ്ഞുവിട്ട് പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യം.
പാകിസ്താനെതിരായ നേട്ടം 'അബദ്ധത്തിൽ' സംഭവിച്ചതല്ലെന്ന് തെളിയിക്കാൻ നജ്മുൽ ഹുസൈൻ ഷാന്റോക്കും സംഘത്തിനും പരമ്പര സമനിലയിലാക്കുകയെങ്കിലും വേണം. ചെന്നൈയിലെ വിജയ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത്തും മുതിരില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ബൗളിങ് കോമ്പിനേഷനിൽ ചെറിയ പരീക്ഷണത്തിന് സാധ്യതയും കാണുന്നുണ്ട്. ചെപ്പോക്കിൽ ഇന്ത്യ അണിനിരത്തിയത് മൂന്ന് സ്പെഷലിസ്റ്റ് പേസർമാരെയും രണ്ട് സ്പിന്നർമാരെയുമായിരുന്നു. ഗ്രീൻ പാർക്കിലെ പിച്ച് വേഗം കുറഞ്ഞതായതിനാൽ മൂന്ന് സ്പിന്നർമാർ പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ ആകാശ് ദീപിന് പകരം കുൽദീപ് യാദവ് പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചേക്കാം. ബാറ്റിങ് പോയന്റ് കൂടി കണക്കിലെടുത്താൽ സ്പിൻ ഓൾ റൗണ്ടർ അക്ഷർ പട്ടേലിന് നറുക്ക് വീഴും.
രവിചന്ദ്രൻ അശ്വിന്റെയും രവീന്ദ്ര ജദേജയുടെയും ഓൾ റൗണ്ട് മികവും ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് തുടങ്ങിയവരുടെ ബാറ്റിങ്ങുമാണ് ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ബൗളർമാരെല്ലാം വിശ്വാസം കാത്തപ്പോൾ സീനിയർ ബാറ്റർമാരായ രോഹിത് ശർമയും വിരാട് കോഹ്ലിയും പരാജയമായി. ഓൾ റൗണ്ടർ ഷാകിബ് അൽ ഹസന്റെ പരിക്ക് ബംഗ്ലാ ക്യാമ്പിൽ ആശങ്ക പരത്തിയിട്ടുണ്ട്. എങ്കിലും അദ്ദേഹം കളിക്കുമെന്ന സൂചനയാണ് പരിശീലകൻ ചന്ദിക ഹാതുറുസിംഘെ നൽകുന്നത്.
പേസർ നാഹിദ് റാണക്ക് പകരം ഇടംകൈയൻ സ്പിന്നർ തായ്ജുൽ ഇസ് ലാമിനെയോ ഓഫ് സ്പിന്നർ നഈം ഹസനെയോ കൊണ്ടുവരാനും സന്ദർശകർ ആലോചിക്കുന്നുണ്ട്. കാൺപുരിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം മത്സരത്തിന് ഭീഷണിയാണ്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, ആകാശ് ദീപ്, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ, യാഷ് ദയാൽ.
ബംഗ്ലാദേശ്: നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്റ്റൻ), മഹ്മൂദുൽ ഹസൻ ജോയ്, സാകിർ ഹസൻ, ഷാദ്മാൻ ഇസ്ലാം, മുഅ്മിനുൽ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാകിബ് അൽ ഹസൻ, ലിറ്റൺ കുമാർ ദാസ്, മെഹിദി ഹസൻ മിറാസ്, തായ്ജുൽ ഇസ്ലാം, നഈ ഹസൻ, നാഹിദ് റാണ, ഹസൻ മഹമൂദ്, തസ്കിൻ അഹമ്മദ്, സയ്യിദ് ഖാലിദ് അഹമ്മദ്, ജാക്കർ അലി അനിക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.