ബംഗ്ലാദേശിനെയും വീഴ്ത്തി ഇന്ത്യ സെമിക്കരികെ; ജയം 50 റൺസിന്

നോ​ർ​ത്ത് സൗ​ണ്ട് (ആ​ന്റി​ഗ്വ): ട്വന്റി 20 ലോകകപ്പ് സെമി ഫൈനൽ സാധ്യത സജീവമാക്കി ഇന്ത്യ. സൂപ്പർ എട്ടിലെ രണ്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ 50 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷടത്തിൽ 146 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെയും നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെയും സ്പെല്ലുകളാണ് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്. 


40 റൺസെടുത്ത നായകൻ നജ്മുൽ ഹൊസാൻ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ലിറ്റൻ ദാസ് (13), തൻസിദ് ഹസൻ (29), ഷാക്കിബുൽ ഹസൻ (11), മഹ്മൂദുള്ള (13), റിഷാദ് ഹൊസൈൻ (24) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബംഗ്ലാദേശ് ബാറ്റർമാർ.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഹാർദിക് പാണ്ഡ്യയും വിരാട് കോഹ്ലിയും ഋഷഭ് പന്തും ചേർന്നാണ് മികച്ച സ്കോറിലേക്കെത്തിച്ചത്. 27 പന്തിൽ നാല് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 50 റൺസെടുത്ത പാണ്ഡ്യ പുറത്താകാതെ നിന്നു.

ഓപണർമാരായ രോഹിത് ശർമയും കോഹ്‌ലിയും മികച്ച തുടക്കമാണ് നൽകിയത്. 11 പന്തിൽ 23 റൺസെടുത്ത രോഹിത് ശർമ ഷാക്കിബുൽ ഹസന് വിക്കറ്റ് നൽകിയെങ്കിലും സ്റ്റിയറിങ് കോഹ്ലിയെ ഏൽപിച്ചാണ് മടങ്ങിയത്. 28 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 37 റൺസെടുത്ത കോഹ്ലിയെ തൻസിം ഹസൻ മടക്കി.

ട്വന്റി 20 സ്പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവിനെ(6) നിലയുറപ്പിക്കും മുൻപെ തൻസിം തന്നെ വീഴ്ത്തി. 24 പന്തിൽ 36 റൺസെടുത്ത ഋഷഭ് പന്ത് ടീമിനെ നൂറു കടത്തിയാണ് മടങ്ങിയത്. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും കരുതലോടെ നീങ്ങിയതോടെ സ്കോർ 150 ഉം കടന്ന് മുന്നേറി.

34 റൺസെടുത്ത ദുബെ റിഷാദ് ഹൊസൈന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ 17.2 ഓവറിൽ ടീം സ്കോർ അഞ്ചിന് 161. അതിവേഗം അർധസെഞ്ച്വറിയിലേക്ക് പാഞ്ഞ ഹാർദിക് 196 റൺസെന്ന ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോറിലേക്ക് എത്തിച്ചു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈൻ, തൻസിം ഹസൻ സാകിബ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - India beat Bangladesh to semis; Win by 50 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.