ചെന്നൈ: മൂന്നാമത്തെയും അവസാനത്തെയും വനിത ട്വന്റി20 മത്സരം പത്ത് വിക്കറ്റിന് ജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര (1-1) സമനിലയിലാക്കി. ആദ്യം ബാറ്റ് ചെയ്ത എതിരാളികളെ ആതിഥേയർ 17.1 ഓവറിൽ വെറും 84 റൺസിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 10.5 ഓവറിൽ 88ലെത്തി. ഓപണർമാരായ സ്മൃതി മന്ദാന 40 പന്തിൽ 54ഉം ഷഫാലി വർമ 25 പന്തിൽ 27ഉം റൺസുമായി പുറത്താവാതെ നിന്നു.
മൂന്ന് ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാധ യാദവിന്റെയും 3.1 ഓവറിൽ 13 റൺസിന് നാല് വിക്കറ്റെടുത്ത പൂജ വസ്ത്രകാറിന്റെയും തകർപ്പൻ ബൗളിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിലൊതുക്കാൻ ഇന്ത്യയെ സഹായിച്ചത്. അരുന്ധതി റെഡ്ഡിയും ശ്രേയങ്ക പാട്ടിലും ദീപ്തി ശർമയും ഓരോ വിക്കറ്റ് സ്വന്തമാക്കി. ഒരു ഓവറിൽ 11 റൺസ് വിട്ടുനൽകിയ മലയാളി താരം സജന സജീവന് വിക്കറ്റൊന്നും ലഭിച്ചില്ല. 23 പന്തിൽ 20 റൺസ് നേടി ഓപണർ തസ്മിൻ ബ്രിറ്റ്സ് സന്ദർശകരുടെ ടോപ് സ്കോററായി.
ആദ്യ കളിയിൽ ദക്ഷിണാഫ്രിക്ക 12 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇവർക്കെതിരായ ഏകദിന പരമ്പരയിലും ഏക ടെസ്റ്റിലും ഹർമൻപ്രീത് കൗറും സംഘവും ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.