മുംബൈ: അടിമുടി ത്രില്ലർ മൂഡിലായിരുന്നു വാങ്കെഡെ സ്റ്റേഡിയം. റൺസും റെക്കോഡും ഒരു പോലെ പെയ്തിറങ്ങിയ ആദ്യ സെമി പോരാട്ടത്തിൽ 70 റൺസ് അകലെ ന്യൂസിലൻഡ് ആയുധം വെച്ച് കീഴടങ്ങി. തോൽവി അറിയാതെ ഇന്ത്യ ഒരിക്കൽ കൂടി കലാശപ്പോരിന് യോഗ്യത നേടി. രണ്ടു തവണ കിരീടം ചൂടിയ ഇന്ത്യ നാലാം തവണയാണ് ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.

കഴിഞ്ഞ വർഷം സെമി ഫൈനൽ വരെ എത്തിയ ഇന്ത്യ ന്യൂസിലൻഡിന് മുന്നിലാണ് കീഴടങ്ങിയത്. നാല് വർഷങ്ങൾക്കിപ്പുറം ഇന്ത്യക്ക് ഇത് മധുര പ്രതികാരം കൂടിയായിരുന്നു. ഇന്ത്യയുടെ 398 റൺസ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ ന്യൂസിലൻഡ് ഇന്നിങ്സ് 48.5 ഓവറിൽ 327 റൺസിന് അവസാനിക്കുകയായിരുന്നു. തകർപ്പൻ സെഞ്ച്വറിയുമായി കീവീസ് പ്രതീക്ഷകളെ ഉണർത്തിയ ഡാരി മിച്ചലിന്റെതുൾപ്പെടെ ഏഴു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് കിവീസ് സ്വപ്നങ്ങളെ തകർത്തത്. ഇതോടെ 23 വിക്കറ്റുമായി ഈ ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ ഷമി ഒന്നാതെത്തി. 

397 റൺസെന്ന ഇന്ത്യ കെട്ടിപൊക്കിയ പടുകൂറ്റൻ വിജയലക്ഷ്യം താണ്ടി ന്യൂസിലൻഡ് ബാറ്റിങ്ങിനിറങ്ങുമ്പോൾ ആതിഥേയർ ഏറെ കുറേ ഏകപക്ഷീയമായ വിജയം പ്രതീക്ഷിച്ചിരുന്നു. ലോകകപ്പിലുടനീളം മിന്നും ഫോമിലായിരുന്ന ഓപണർമാരായ ഡെവൻ കോൺവെ (13), രചിൻ രവീന്ദ്ര(13) എന്നിവരെ നിലയുറപ്പിക്കും മുൻപ് ഷമി മടക്കി അയച്ചെങ്കിലും വെടിക്കെട്ട് സെഞ്ച്വറിയുമായി ഡാരി മിച്ചലും(134)  അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ കെയിൻ വില്യംസണും തകർത്തടിച്ചതോടെ ഇന്ത്യ അപകടം മണത്തു.

32 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 220 ൽ നിൽക്കെ വില്യംസണെ (69) പുറത്താക്കി ഷമി  ആ കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യ കളിതിരിച്ചുപിടിച്ചു. 181 റൺസിന്റെ കൂട്ടുകെട്ടാണ് തകർത്തത്.  

അതേ ഓവറിൽ അകൗണ്ട് തുറക്കും മുൻപ് ടോം ലഥാമിനെ എൽ.ബി ഡബ്ല്യൂവിൽ കുരുക്കി ഷമി വീണ്ടും ഞെട്ടിച്ചു. 41 റൺസുമായി ഗ്ലെൻ ഫിലിപ്പിന്റെ ചെറുത്ത് നിൽപ്പിന് ജസ്പ്രീപ് ബുംറയും തടയിട്ടതോടെ  പന്ത് ഇന്ത്യയുടെ കോർട്ടിലെത്തി. പിന്നീട് കാര്യങ്ങൾ വളരെ എളുപ്പത്തിലായി. ചാപ്പ്മാൻ 2, മിച്ചൽ സാൻഡർ 9, ടിം സൗത്തി 9, ലോക്കി ഫെർഗൂസൻ 6 എന്നിവർ ഒന്നിന് പിറകെ ഒന്നൊന്നായി കൂടാരം കയറി.

തകർത്തടിച്ച് ഇന്ത്യ തുടങ്ങി

നാല് റെക്കോഡുകൾ, രണ്ട് സെഞ്ച്വറികൾ, ഒരു അർധ സെഞ്ച്വറി... സംഭവബഹുലമായിരുന്നു ലോകകപ്പിലെ ഇന്ത്യ-ന്യൂസിലാൻഡ് സെമിഫൈനലിലെ ആതിഥേയരുടെ ബാറ്റിങ് വിരുന്ന്. 113 പന്തിൽ 117 റൺസടിച്ച് ഏകദിന ചരിത്രത്തിൽ 50 സെഞ്ച്വറി നേടുന്ന ആദ്യ താരമായും ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററായും ഇരട്ടനേട്ടം കൊയ്ത വിരാട് കോഹ്‍ലിയും, ലോകകപ്പിൽ 500 റൺസ് നേടുന്ന ആദ്യ മധ്യനിര ബാറ്ററായി ശ്രേയസ് അയ്യരും, ലോകകപ്പിൽ 50 സിക്സർ നേടുന്ന ആദ്യ താരമായി രോഹിത് ശർമയും റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ അടിച്ചുകൂട്ടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവൊഴികെ ബാറ്റെടുത്തവരെല്ലാം ന്യൂസിലാൻഡ് ബൗളർമാരെ അടിച്ചൊതുക്കുന്ന കാഴ്ചയായിരുന്നു മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കണ്ടത്. കോഹ്‍ലിക്ക് പുറമെ ഒരിക്കൽ കൂടി ശ്രേയസ് അയ്യർ അതിവേഗ സെഞ്ച്വറിയുമായി നിറഞ്ഞുനിന്ന മത്സരത്തിൽ ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും രോഹിത് ശർമ 29 പന്തിൽ 47ഉം കെ.എൽ രാഹുൽ 20 പന്തിൽ പുറത്താകാതെ 39ഉം റൺസുമായി തകർത്തടിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ സ്കോർ നാനൂറിനടുത്തെത്തിയത്. ​70 പന്തിൽ എട്ട് സിക്സും നാല് ഫോറും സഹിതം 105 റൺസെടുത്ത ശ്രേയസിനെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഡാറിൽ മിച്ചലും 113 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും സഹിതം 117 റൺസടിച്ച കോഹ്‍ലിയെ ടിം സൗത്തിയുടെ പന്തിൽ ഡെവോൺ കോൺവേയും പിടികൂടുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമയാണ് കൂറ്റനടികൾക്ക് തുടക്കം കുറിച്ചത്. ടിം സൗത്തിയുടെ പന്ത് സിക്സടിച്ച് അർധസെഞ്ച്വറി പൂർത്തിയാക്കാനുള്ള നായകന്റെ ശ്രമം പാളിയപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഏറെ ദൂരം പിന്നിലേക്കോടി മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. തുടർന്നെത്തിയ കോഹ്‍ലിയും ശുഭ്മാൻ ഗില്ലും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിന്റെ സ്കോറുയർത്തി. എന്നാൽ, 65 പന്തിൽ 79 റൺസെടുത്തുനിൽക്കെ ഗില്ലിന് പരിക്ക് കാരണം തിരിച്ചുകയറേണ്ടി വന്നു. പകരമെത്തിയ ശ്രേയസ് അയ്യർ ഗിൽ നിർത്തിയിടത്തുനിന്നാണ് തുടങ്ങിയത്. ഇന്ത്യൻ ബാറ്റർമാരിൽ ന്യൂസിലാൻഡ് ബൗളിങ്ങിനെ ഏറ്റവും മാരകമായി നേരിട്ടതും ശ്രേയസ് ആയിരുന്നു. രണ്ടാം വിക്കറ്റിൽ കോഹ്‍ലി-ഗിൽ സഖ്യം 86 പന്തിൽ 93 റൺസ് നേടിയപ്പോൾ 128 പന്തിൽ 163 റൺസാണ് കോഹ്‍ലി-​ശ്രേയസ് സഖ്യം അടിച്ചുകൂട്ടിയത്. ലോകകപ്പിൽ 500 റൺസ് പിന്നിടുന്ന ആദ്യ മധ്യനിര ബാറ്ററെന്ന റെക്കോഡ് സ്വന്തം പേരിൽ ചേർത്താണ് ശ്രേയസ് മടങ്ങിയത്.

ഒരു റൺസെടുത്ത സൂര്യ കുമാർ യാദവ് പുറത്തായ ശേഷം തിരിച്ചെത്തിയ ശുഭ്മൻ ഗിൽ 60 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 80 റൺസുമായും കെ.എൽ രാഹുൽ 20 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39 റൺസുമായും പുറത്താകാതെനിന്നു.

ന്യൂസിലാൻഡിനായി ടിം സൗത്തി പത്തോവറിൽ 100 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് ട്രെന്റ് ബോൾട്ടിനായിരുന്നു. പത്തോവറിൽ 85 റൺസാണ് ബോൾട്ട് വഴങ്ങിയത്.

Tags:    
News Summary - India defeated New Zealand by 70 runs in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.