ചെന്നൈ: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 34 റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ (ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോഹ്‌ലി (ആറ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മൂവരും ഹസൻ മഹ്മൂദിന്‍റെ പന്തിലാണ് പുറത്തായത്. വമ്പൻ പ്രകടനങ്ങൾ പ്രതീക്ഷിച്ച ചെപ്പോക്കിലെ കാണികൾക്ക് നിരാശ മാത്രമാണ് ആദ്യ സെഷനിൽ ഇന്ത്യൻ താരങ്ങൾ നൽകിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 21 ഓവറിൽ മൂന്നിന് 81 എന്ന നിലയിലാണ് ഇന്ത്യ.
സ്കോർ 14ൽ നിൽക്കേ നായകൻ രോഹിത്തിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഹസൻ മഹ്മൂദിന്‍റെ പന്തിൽ നജ്മുൽ ഹൊസൈൻ പിടിച്ചാണ് താരം പുറത്തായത്. 19 പന്തിൽ ആറ് റൺസ് മാത്രം നേടിയ ഹിറ്റ്മാന് ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്. പിന്നാലെയെത്തിയ ശുഭ്മൻ ഗിൽ എട്ട് പന്തുകൾ നേരിട്ട് സംപൂജ്യനായി മടങ്ങിയത് ടീം ഇന്ത്യക്ക് വീണ്ടും തിരിച്ചടിയായി. ഇത്തവണ വിക്കറ്റ് കീപ്പർ ലിട്ടൺ ദാസിന്‍റെ കൈകളിൽ എത്തിച്ചാണ് ഹസൻ മഹ്മൂദ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇതോടെ സ്കോർ 7.3 ഓവറിൽ രണ്ടിന് 28 എന്ന നിലയിലാണ്.
ട്വന്‍റി20 ലോകകപ്പിനു ശേഷം ആദ്യമായി ക്രീസിലെത്തിയ സൂപ്പർ താരം വിരാട് കോഹ്‌ലിക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. കോഹ്‌ലിയെയും ലിട്ടൺ ദാസിന്‍റെ കൈകളിലെത്തിച്ച മഹ്മൂദ്, വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി. ആറ് പന്തിൽ ആറ് റൺസ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നീടെത്തിയ റിഷഭ് പന്ത് ഓപണർ യശസ്വി ജയ്സ്വാളിനൊപ്പം നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ കരകയറ്റിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 21 ഓവറിൽ മൂന്നിന് 81 എന്ന നിലയിലാണ് ഇന്ത്യ. 36 റൺസുമായി ജയ്സ്വാളും 27 റൺസുമായി പന്തുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാകിസ്താനെ 2-0ത്തിന് തോൽപിച്ച് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലൊക്കെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയുടെ വരവ്. 2022 ഡിസംബറിലായിരുന്നു ഇന്ത്യയും ബംഗ്ലാദേശും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യക്കായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.