മുംബൈ: കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിനു പുറത്തുള്ള ഇന്ത്യൻ സൂപ്പർ പേസർ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള തയാറെടുപ്പിലാണ്. 2023 ഏകദിന ലോകകപ്പിൽ ഫൈനലിൽ ആസ്ട്രേലിയക്കെതിരായാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്.
പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനായ താരം വിശ്രമത്തിലായിരുന്നു. കഴിഞ്ഞദിവസം ഷമി നെറ്റ്സിൽ പരിശീലനം തുടങ്ങി. പരിക്കേറ്റ കാലുമായാണ് താരം ഏകദിന ലോകകപ്പിൽ പന്തെറിഞ്ഞത്. ഏഴു മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകൾ നേടി ലോകകപ്പിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായിരുന്നു. ഇതിനിടെ ഐ.പി.എൽ, ട്വന്‍റി20 ലോകകപ്പ് ഉൾപ്പെടെ സുപ്രധാന മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമായി. അടുത്തിടെ ഷമിയുടെ സുഹൃത്തായ ഉമേഷ് കുമാർ താരത്തിന്‍റെ ആഹാര രീതികളെയും ആട്ടിറച്ചിയോടുള്ള ഇഷ്ടത്തെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരുന്നു.
ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉമേഷ്. ‘ഷമി എല്ലാം സഹിക്കും, പക്ഷേ ആട്ടിറച്ചിയില്ലാതെ അദ്ദേഹത്തിന് ജീവിക്കാന്‍ കഴിയില്ല. ഒരു ദിവസം പിടിച്ചുനില്‍ക്കും, എന്നാല്‍ രണ്ടാമത്തെ ദിവസം ഷമി അസ്വസ്ഥനാവുന്നത് കാണാന്‍ സാധിക്കും. മൂന്നാമത്തെ ദിവസം മനസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെടും. ദിവസവും ഒരു കിലോ ആട്ടിറച്ചി കഴിച്ചില്ലെങ്കിൽ അദ്ദേഹത്തിന്‍റെ ബൗളിങ് വേഗതയിൽ മണിക്കൂറിൽ 15 കിലോമീറ്റർ വരെ കുറവുണ്ടാകും’ -ഉമേഷ് കുമാർ പറഞ്ഞു.
സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഷമിക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യ സെലക്ടർ അജിത് അഗാർക്കാർ പറഞ്ഞിരുന്നു. നിലവില്‍ ഇന്ത്യൻ ടീം ശ്രീലങ്കക്കെതിരെയുള്ള ട്വന്‍റി20, ഏകദിന പരമ്പരക്കുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.