മുംബൈ: മൂന്നാം ടെസ്റ്റിൽ നേരിയ ലീഡുമായി ഇന്ത്യ പുറത്ത്. ആദ്യ ഇന്നിങ്സിൽ 28 റൺസിന്‍റെ ലീഡാണ് ഇന്ത്യക്കുള്ളത്. ആദ്യ ഇന്നിങ്സിൽ 263 റൺസാണ് രോഹിത് ശർമയും സംഘവും സ്വന്തമാക്കിയത്. ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ അർധസെഞ്ച്വറിയാണ് ടീമിനെ ലീഡിലെത്തിച്ചത്. 146 പന്ത് നേരിട്ട് ഏഴ് ഫോറും ഒരു സിക്സറുമടിച്ച് 90 റൺസ് നേടിയാണ് ഗിൽ കളം വിട്ടതെങ്കിൽ എട്ട് ഫോറും രണ്ട് സിക്സറുമടിച്ച് 59 പന്തിൽ 60 റൺസാണ് പന്ത് അടിച്ചുകൂട്ടിയത്.
അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ അജാസ് പട്ടേലാണ് ഇന്ത്യയുടെ നടുവടിച്ചത്. ഒന്നാം ദിനം രണ്ട് വിക്കറ്റ് നേടിയ അജാസ് രണ്ടാം ദിനം മൂന്നെണ്ണം നേടി ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു. ടീം സ്കോർ 180ൽ നിൽക്കവെയായിരുന്നു ഋഷഭ് പന്തിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. ഗില്ലുമൊത്ത് 96 റൺസിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കിയതിന് ശേഷമാണ് അദ്ദേഹം കളം വിടുന്നത്. ശേഷമെത്തിയ ജഡേജ (14), സർഫറാസ് (0) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ വാഷിങ്ടൺ സുന്ദരൻ മികവ് കാട്ടി. ഗില്ലുമായി ചെറുത്ത് നിന്ന് കളിച്ച സുന്ദർ അദ്ദേഹം പുറത്തായതിന് ശേഷം സ്കോറിങ്ങിന്‍റെ വേഗത കൂട്ടിയിരുന്നു. അശ്വിനെയും ആകാശ് ദീപിനെയും കാഴ്ചക്കാരാക്കി സുന്ദർ 36 പന്തിൽ നാല് ഫോറും രണ്ട് സിക്സറുമടക്കം 38 റൺസ് നേടി.
യശ്വസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ്, സർഫറാസ് ഖാൻ, ശുഭ്മൻ ഗിൽ, ആർ. അശ്വിൻ എന്നിവരെയാണ് അജാസ് പുറത്താക്കിയത്. ഗ്ലെൻ ഫിലിപ്സ്, മാറ്റ് ഹെന്രി, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ് റണ്ണൗട്ടാകുകയായിരുന്നു.
യശ്വസ്വി ജയ്സ്വാൾ (30), രോഹിത് ശർമ (18), മുഹമ്മദ് സിറാജ് (0), വിരാട് കോഹ്ലി (4) എന്നിവരാണ് ഇന്നലെ പുറത്തായ ഇന്ത്യൻ ബാറ്റർമാർ. 235 റൺസാണ് ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.