ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വില്‍പന ആരംഭിച്ചു

തിരുവനന്തപുരം : കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ ( ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) 28ന് നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ഭരത് സുരേഷ് ഗോപി നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണല്‍ ബിസിനസ് ഹെഡുമായ എ.ഹരികൃഷ്ണന്‍ സുരേഷ് ഗോപിയില്‍ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഇന്ത്യാ- ദക്ഷിണാഫ്രിക്ക മാസ്റ്റര്‍ കാര്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്.

1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാർഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാർഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം.

പവിലിയന് 2750 രൂപയും കെ.സി.എ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച്ച രാത്രി 7.30 മണി മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റ് എടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി. ആവശ്യക്കാര്‍ക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് എടുക്കാവുന്നതാണ്.

ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ കെ വര്‍ഗീസ് അധ്യക്ഷനായി. ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസനെ ആദരിച്ചു. സഞ്ജുവിന്റെ സംഭാവനകളെക്കുറിച്ച് മുഖ്യാതിഥി മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചു. പ്രസ്തുത ചടങ്ങില്‍ സഞ്ജുവിന്റെ കായിക ജീവിതത്തെക്കുറിച്ചുള്ള ലഘു ചിത്രം പുറത്തിറക്കി.

കെ.സി.എ പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ്, കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍, ബിസിസിഐ ലെവല്‍ 3 കോച്ച് ബിജു ജോര്‍ജ്, തിരുവനന്തപുരം ചേംമ്പര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, എല്‍എന്‍സിപി സായി പ്രിന്‍സിപ്പല്‍ ജി. കിഷോര്‍ എന്നിവര്‍ സഞ്ജു സാംസനെ അനുമോദിച്ച് സംസാരിച്ചു. 

Tags:    
News Summary - India v South Africa T20; Ticket sales have started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.