സഞ്ജു സെഞ്ച്വറിയിൽ പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ട്വന്‍റി20യിൽ 133 റൺസ് ജയം

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം മത്സരത്തിൽ 133 റൺസിന്‍റെ വമ്പൻ വിജയമാണ് സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്.

ഇന്ത്യ മുന്നോട്ടുവെച്ച 298 റൺസ് ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്കോർ: ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 297. ബംഗ്ലാദേശ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. 

ബംഗ്ലാദേശിനായി 42 പന്തിൽ 63 റൺസെടുത്ത് തൗഹീദ് ഹൃദോയ് പുറത്താകാതെ നിന്നു. ലിറ്റൺ ദാസ് 25 പന്തിൽ 42 റൺസെടുത്തു. മൂന്നാം മത്സരത്തിൽ അവസരം ലഭിച്ച രവി ബിഷ്ണോയ് ഇന്ത്യക്കായി മൂന്നു വിക്കറ്റെടുത്തു. മായങ്ക് യാദവ് രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ റെക്കോഡ് സ്കോർ കുറിച്ചത്. 47 പന്തിൽ എട്ടു സിക്സും 11 ഫോറുമടക്കം 111 റൺസെടുത്താണ് താരം പുറത്തായത്. താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി20 സെഞ്ച്വറിയാണിത്. ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ ട്വന്‍റി20 സെഞ്ച്വറിയും. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്. സൂര്യകുമാർ 35 പന്തിൽ അഞ്ചു സിക്സും എട്ടു ഫോറുമടക്കം 75 റൺസെടുത്ത് പുറത്തായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായെങ്കിലും സഞ്ജുവും സൂര്യകുമാറും ബാറ്റിങ് വെടിക്കെട്ടിനാണ് തിരികൊളുത്തിയത്. കടുവകൾക്കായി പന്തെറിയാനെത്തിയവരെല്ലാം ഇരുവരുടെയും ബാറ്റിങ് ചൂടറിഞ്ഞു.

ട്വന്‍റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് മത്സരത്തിൽ പിറന്നത്. ശ്രീലങ്കക്കെതിരെ നേടിയ 260 റൺസാണ് മറികടന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. 47 പന്തിൽ എട്ടു സിക്സും 11 ഫോറുമടക്കം 111 റൺസെടുത്താണ് താരം പുറത്തായത്. 40 പന്തിൽ എട്ടു സിക്സും ഒമ്പത് ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. മുസ്തഫിസുർ റഹ്മാന്‍റെ പന്തിൽ മെഹദ് ഹസന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. അന്താരാഷ്ട്ര ട്വന്‍റി20യിലെ നാലാമത്തെ വേഗമേറിയ സെഞ്ച്വറിയാണ് സഞ്ജു കുറിച്ചത്.

രണ്ടാം വിക്കറ്റിൽ സഞ്ജുവും സൂര്യയും ചേർന്ന് 11.3 ഓവറിൽ 173 റൺസാണ് അടിച്ചുകൂട്ടിയത്. 14 ഓവറിൽ ഇന്ത്യ 200 കടന്നു. പിന്നാലെ സൂര്യ മടങ്ങി. മഹ്മുദല്ലയുടെ പന്തിൽ റിഷാദ് ഹുസൈന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. റിയാൻ പരാഗ് (13 പന്തിൽ 34), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 47), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. എട്ടു റൺസുമായി റിങ്കു സിങ്ങും ഒരു റണ്ണുമായി വാഷിങ്ടൺ സുന്ദറും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി തൻസിം ഹസൻ നാലു ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടി.

Tags:    
News Summary - India vs Bangladesh Highlights, 3rd T20I: India Rout Bangladesh By 133 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.