സ്പിൻ കുഴിയിൽ വീണ് കേരളം; പഞ്ചാബിന് 15 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

തിരുവനന്തപുരം: പഞ്ചാബിന്‍റെ മല്ലന്മാരെ വീഴ്ത്താൻ സ്വയം കുഴിച്ച സ്പിൻ കുഴിയിൽ കറങ്ങി വീണ് കേരളം. പഞ്ചാബിന്‍റെ ആദ്യ ഇന്നിങ്സ് സ്കോറായ 194 റൺസിനെതിരെ ബാറ്റുമായി ഇറങ്ങിയ ആതിഥേയർ 179 റൺസിന് കൂടാരം കയറി. 15 റൺസിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് തുടങ്ങിയ പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ്.

അവസാനദിനമായ ഇന്ന് മഴ കളിച്ചില്ലെങ്കിൽ പന്തുകൾ കുത്തിത്തിരിയുന്ന പിച്ചിൽ അട്ടിമറികൾക്ക് കാതോർക്കാം. കേരളത്തിന്‍റെ അതിഥി താരങ്ങളും സ്പിന്നർമാരുമായ ആദിത്യ സർവതെയും ജലജ് സക്സേനയും അഞ്ച് വീക്കറ്റ് വീതം പങ്കിട്ടെടുത്തതോടെ ഒമ്പതിന് 180 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന പഞ്ചാബ് 194 റൺസിന് അവസാനിക്കുകയായിരുന്നു. അവസാന വിക്കറ്റിൽ മായങ്ക് മർക്കണ്ഡേയും സിദ്ദാർഥ് കൗളും കൂട്ടിച്ചേർത്ത 51 റൺസാണ് കേരളത്തിന് തിരിച്ചടിയായത്.

മായങ്ക് 37 റൺസുമായി പുറത്താകാതെനിന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ പഞ്ചാബ് സ്പിന്നർ മായങ്ക് മാർക്കണ്ഡേ എറിഞ്ഞൊടിക്കുകയായിരുന്നു. 21.4 ഓവറിൽ 59 റൺസ് വഴങ്ങി ആറുവിക്കറ്റുകളാണ് മായങ്ക് തുമ്പയിൽ പിഴുതെടുത്തത്. 38 റൺസെടുത്ത മുഹമ്മദ് അസറുദ്ദീനാണ് കേരളനിരയിലെ ടോപ് സ്കോറർ. 20 റൺസെടുത്ത് വിഷ്ണു വിനോദ് പുറത്താകാതെനിന്നു. വത്സൽ ഗോവിന്ദ് (28) സച്ചിൻ ബേബി (12) രോഹൻ കുന്നുമ്മൽ (15) അക്ഷയ് ചന്ദ്രൻ (17), ജലജ് സക്സേന(17), സൽമാൻ നിസാർ (13) എന്നിവർ നിരാശപ്പെടുത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപണർമാരായ അഭയ് ചൗദരി (12), നമാൻ ദിർ (ഏഴ്), നൈറ്റ് വാച്ച്മാൻ സിദ്ധാർഥ് കൗൾ (പൂജ്യം) എന്നിവരെയാണ് നഷ്ടമായത്.

Tags:    
News Summary - Ranji Trophy: Kerala vs Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.