ഹർമൻപ്രീതിന്‍റെ ഒറ്റയാൾ പോരാട്ടം വിഫലം; ഓസീസിനോട് പൊരുതി തോറ്റ് ഇന്ത്യൻ വനിതകൾ; സെമിക്കായി കാത്തിരിക്കണം

ഷാര്‍ജ: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ആസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ ഒറ്റയാൾ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല.

ഒമ്പതു റൺസിനാണ് ഇന്ത്യയുടെ തോൽവി. ജയത്തോടെ ഓസീസ് എട്ടു പോയന്‍റുമായി ഗ്രൂപ്പ് എയിൽനിന്ന് സെമിയിലെത്തി. നിലവിൽ ഇന്ത്യക്കും ന്യൂസിലൻഡിനും നാലു പോയന്‍റാണ്. തിങ്കളാഴ്ച നടക്കുന്ന പാകിസ്താൻ- ന്യൂസിലൻഡ് മത്സരത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി സാധ്യത. കീവീസ് ജയിച്ചാൽ ഇന്ത്യ സെമി കാണാതെ പുറത്താകും, ഗ്രൂപ്പ് എയിൽനിന്ന് രണ്ടാം ടീമായി ന്യൂഡിലൻഡ് സെമിയിലെത്തും.

കൗർ 47 പന്തിൽ ആറു ഫോറടക്കം 54 റൺസെടുത്ത് പുറത്താകാതെ നിന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കംഗാരു നാട്ടുകാർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 

അവസാന ഓവറിൽ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 14 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അന്നബെല്‍ സതര്‍ലാന്‍ഡ് എറിഞ്ഞ ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി മൂന്നു റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇന്ത്യക്കായി നാലാം വിക്കറ്റിൽ ഹർമൻപ്രീത് കൗറും ദീപ്തി ശർമയും ചേർന്ന് നേടിയ അർധ സെഞ്ച്വറി കൂട്ടുകെട്ട് വിജയ പ്രതീക്ഷ നൽകി. ഇരുവരും 63 റൺസാണ് അടിച്ചെടുത്തത്. സോഫി മൊളിനെക്സിന്‍റെ പന്തിൽ ജോര്‍ജിയ വെയര്‍ഹാമിന് ക്യാച്ച് നൽകി ദീപ്തി മടങ്ങിയതാണ് ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. 25 പന്തിൽ മൂന്നു ഫോറടക്കം 29 റൺസെടുത്താണ് താരം പുറത്തായത്.

പിന്നാലെ എത്തിയ റിച്ച ഘോഷ് വേഗം മടങ്ങി. ഒരു റണ്ണെടുത്ത താരം റണ്ണൗട്ടാകുകയായിരുന്നു. ഷഫാലി വർമ (13 പന്തിൽ 20), സ്മൃതി മന്ഥാന (12 പന്തിൽ ആറ്), ജമീമ റോഡ്രിഗസ് (12 പന്തിൽ 16), പൂജ വസ്ത്രകാർ (ആറു പന്തിൽ ഒമ്പത്), അരുന്ധതി റെഡ്ഡി (പൂജ്യം), ശ്രേയങ്ക പാട്ടീൽ (പൂജ്യം), രാധവ് ‍യാദവ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ.

ഓസീസിനായി 41 പന്തിൽ 40 റൺസുമായി ഓപണർ ഗ്രേസ് ഹാരിസ് ടോപ് സ്കോററായി. 17 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി ആസ്ട്രേലിയ പിന്നീട് കരകയറുകയായിരുന്നു. ക്യാപ്റ്റൻ തഹ് ലിയ മക്ഗ്രാത്തും എല്ലിസ് പെറിയും 32 റൺസ് വീതം ചേർത്തു. ഇന്ത്യക്കുവേണ്ടി രേണുക സിങ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയങ്ക പാട്ടീൽ, പൂജ വസ്ത്രകാർ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി രണ്ട് മലയാളി താരങ്ങളുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്ക് മാറി പൂജ വസ്ത്രകാർ തികിച്ചെത്തിയതോടെ സജന സജീവൻ ബെഞ്ചിലായി. ആശ ശോഭന അവസാന നിമിഷം പരിക്ക് കാരണം പുറത്തായി. രാധ യാദവിനെ പകരം ഉൾപ്പെടുത്തി.

Tags:    
News Summary - Women's T20 World Cup 2024: India Losing To Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.