ഷാർജ: വനിത ട്വന്റി20 ലോകകപ്പിൽ സെമി ഉറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.
ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. മലയാളി താരം സജന സജീവൻ പ്ലെയിങ് ഇലവനിൽനിന്ന് പുറത്തായി. പകരം പൂജ വസ്ത്രകാർ മടങ്ങിയെത്തി. ഓസീസ് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. പരിക്കേറ്റ ക്യാപ്റ്റൻ അലിസ്സ ഹീലിക്കു പകരം തഹ്ലിയ മഗ്രാത്താണ് ടീമിനെ നയിക്കുന്നത്. ഗ്രേസ് ഹാരിസ്, ഡാർസി ബ്രൗൺ എന്നിവർ ടീമിലെത്തി.
ലോക ചാമ്പ്യന്മാരായ ഓസീസിനെതിരെ മികച്ച മാർജിനിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി ഉറപ്പിക്കാനാകു. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഓസീസ് ആറു പോയൻറുമായി സെമിക്കരികിലാണ്.
നാലു പോയൻറുകൾ വീതമുള്ള ഇന്ത്യക്കും ന്യൂസിലൻഡിനും തുല്യ സാധ്യതയാണ് ഉള്ളത്. ഓസീനെതിരെ നേരിയ ജയമോ തോൽവിയോ ആണെങ്കിലും പാകിസ്താൻ-ന്യൂസിലൻഡ് മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി സാധ്യതകൾ. ട്വന്റി20യിൽ ഓസീസിനെതിരെ ഇതുവരെ കളിച്ച 34 കളികളിൽ ഇന്ത്യ എട്ടു മത്സരങ്ങളിൽ മാത്രമാണ് ജയിച്ചത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥാന, ഷെഫാലി വർമ എന്നിവർ ബാറ്റിങ്ങിൽ ഫോം കണ്ടെത്തിയാൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. മൂന്നു കളികളിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ മലയാളി താരം ആശ ശോഭനയും ഓസീസിനെതിരെയും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.