2022ലെ പട്ടൗഡി ട്രോഫിയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ടുനിൽക്കുന്നു. അവസാന മത്സരം ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഋഷഭ് പന്തിന്റെയും രവീന്ദ്ര ജദേജയുടെയും സെഞ്ച്വറിയുടെ കരുത്തിൽ ഒന്നാം ഇന്നിങ്സിൽ 416 റൺസ് നേടുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മുഹമ്മദ് സിറാജിന്റെയും ബുംറയുടെയും ബൗളിങ് മികവിൽ 284ന് പുറത്ത്.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറായ 245 റൺ എടുക്കുന്നു. ഇംഗ്ലണ്ടിന് വിജയലക്ഷ്യം 378. നാലാം ഇന്നിങ്സിൽ 200ന് മുകളിലുള്ള ലക്ഷ്യം പോലും ദുഷ്കരമായിരിക്കെ ഇംഗ്ലണ്ടിന്റെ മികച്ച ചേസിങ്. മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 76.4 ഓവറിൽ ലക്ഷ്യം നേടുന്നു. ടെസ്റ്റിൽ ഇംഗ്ലണ്ട് ചേസ് ചെയ്തു ജയിക്കുന്ന ഉയർന്ന സ്കോർ.
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനു മുമ്പ് ന്യൂസിലൻഡിനെതിരെയും നാലാം ഇന്നിങ്സുകളിൽ തുടർച്ചയായി 277, 299, 296 എന്നീ സ്കോറുകളും ഇംഗ്ലണ്ട് അനായാസം നേടിയിരുന്നു. തുടർ പരാജയങ്ങൾക്കൊടുവിൽ നാലാം ഇന്നിങ്സിൽ മികച്ച സ്കോർ നേടി വിജയം കാണുന്ന ഇംഗ്ലണ്ട് ശൈലി ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയാകുന്നു. ബാസ്ബാൾ (Bazball) എന്ന് വിളിക്കപ്പെട്ട ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ശൈലിയിൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകുന്നു.
2021-22ലെ ആഷസ് ടെസ്റ്റ് പരമ്പരയിൽ ആസ്ട്രേലിയയോട് 4-0ത്തിന് ഇംഗ്ലീഷ് സംഘം പരാജയപ്പെട്ടു. ഇതോടെ പരിശീലകസ്ഥാനം ക്രിസ് സിൽവർ വുഡ് ഉപേക്ഷിച്ചു. കോളിങ്വുഡ് താൽക്കാലിക പരിശീലകൻ. തുടർന്ന് നടന്ന മൂന്നു മത്സരങ്ങളടങ്ങിയ വെസ്റ്റിൻഡീസ് പര്യടനത്തിൽ 2-1ന് തോറ്റു. ഇതോടെ ക്യാപ്റ്റൻ സ്ഥാനം ജോ റൂട്ടും ഒഴിഞ്ഞു. അടുത്ത പരമ്പര നടക്കാനുള്ളത് ന്യൂസിലൻഡിനെതിരെ. ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഓൾറൗണ്ടറായ ബെൻ സ്റ്റോക്സ്. കഥ മാറുന്നത് ന്യൂസിലൻഡിന്റെ വെടിക്കെട്ടു ബാറ്റ്സ്മാനായിരുന്ന ബ്രണ്ടൻ മക്കല്ലം പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതോടെയാണ്.
പരിശീലകനും ക്യാപ്റ്റനും മാറിയ ഇംഗ്ലണ്ട് പുതിയ ആത്മവിശ്വാസത്തോടെയാണ് ന്യൂസിലൻഡിനെതിരെ കളത്തിലിറങ്ങിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. മൂന്നു മത്സരത്തിലും ഇംഗ്ലണ്ട് ജയിക്കുന്നത് രണ്ടാം ഇന്നിങ്സിൽ 200ന് മുകളിൽ റൺ പിന്തുടർന്നുകൊണ്ടാണ്. 277, 299, 296 എന്നിങ്ങനെയായിരുന്നു ജയിക്കാനാവശ്യമായ റൺ. ആദ്യ രണ്ടു മത്സരം അഞ്ചു വിക്കറ്റിനും അവസാന മത്സരം ഏഴു വിക്കറ്റിനും. തുടർന്നായിരുന്നു പട്ടൗഡി പരമ്പരയിൽ ഇന്ത്യക്കെതിരെയുള്ള മത്സരം. ഇതിൽ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ പിന്തുടർന്ന് ജയം.
ബ്രണ്ടൻ മക്കല്ലത്തിന്റെ വിളിപ്പേരായ ബാസ് ചേർത്ത് ബാസ്ബാൾ എന്ന് ആരാധകർ ഇതോടെയാണ് വിളിക്കാൻ തുടങ്ങിയത്. ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോ യു.കെ എഡിറ്റർ ആൻഡ്രൂ മില്ലറാണ് ടെസ്റ്റ് മത്സരങ്ങളിലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ കളിയുടെ ശൈലിയെ പരാമർശിച്ച് കൊണ്ടുവന്ന അനൗപചാരിക പദമാണ് ബാസ്ബാൾ.
ട്വന്റി20 ആരംഭിച്ചത് മുതൽ കേൾക്കുന്നതാണ് ടെസ്റ്റ് ക്രിക്കറ്റ് മരിക്കുന്നുവെന്ന ആക്ഷേപം. എന്നാൽ, പുതിയ പരീക്ഷണത്തിലൂടെ ഇംഗ്ലണ്ട് പോസിറ്റിവായ സമീപനമാണ് സ്വീകരിക്കുന്നത്. മത്സരങ്ങൾക്ക് ഫലമുണ്ടാകുകയും കാണികളെ ആകർഷിക്കുകയും ചെയ്യുന്നു. മടുപ്പിക്കുന്ന സമനിലകൾ കുറയുന്നുവെന്നത് ഇംഗ്ലണ്ടിന്റെ മത്സരഫലങ്ങൾ പരിശോധിച്ചാൽ കാണാം. ശേഷം നടന്ന 19 മത്സരത്തിൽ 13ലും ഇംഗ്ലണ്ടിന് ജയിക്കാനായി. ന്യൂസിലൻഡിനും പാകിസ്താനും എതിരെ മുഴുവൻ മത്സരങ്ങളിലും ജയം. നാല് മത്സരങ്ങളിൽ തോൽവി. സമനിലയായത് രണ്ടെണ്ണത്തിൽ മാത്രം.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും നിർണായക തീരുമാനം എടുക്കുന്നതിലും എല്ലാം ബാസ്ബാൾ ശൈലിയിൽ പ്രധാനമാണ്. ഭയമില്ലാതെ കളിക്കുക എന്നതാണ് പ്രധാന കാര്യം. കളിയുടെ എല്ലാ ഘട്ടത്തിലും ആക്രമണത്തിന് പ്രാധാന്യം നൽകുന്നു. പുതിയ രീതി ആവിഷ്കരിച്ചതോടെ ഇംഗ്ലണ്ടിന്റെ ഒരു ഓവറിലെ ശരാശരി നാല് റണ്ണിന് മുകളിലാണ്. ഇതിനപ്പുറം ബാറ്റർമാരുടെ രീതിയിൽ അടക്കം മാറ്റമുണ്ടാകുന്നുവെന്നാണ് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തുന്നത്. അതിലുപരി കാണികളെ ആകർഷിക്കുകയും ചെയ്യുന്നു. ആഷസിൽ ആസ്ട്രേലിയയോട് ബാസ്ബാൾ ഏശിയില്ല. പക്ഷേ, വിജയകരമായ അനുഭവങ്ങൾ മുൻനിർത്തി ഇംഗ്ലണ്ട് ശൈലി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.