ബംഗളൂരു: ഇന്ത്യ കളി മറന്ന ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ ആതിഥേയരെ ബാറ്റിങ് പഠിപ്പിച്ച് ന്യൂസിലൻഡ്. രണ്ടാം ദിനം സ്റ്റമ്പെടുത്തപ്പോൾ സന്ദർശകർ 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിട്ടുണ്ട്. 134 റൺസിന്‍റെ ലീഡ്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 31.2 ഓവറിൽ 46 റൺസിൽ അവസാനിച്ചിരുന്നു. ഡെവോൺ കോൺവെയുടെ അർധ സെഞ്ച്വറി പ്രകടനമാണ് കീവീസിന് മേൽക്കൈ നൽകിയത്. ഒമ്പത് റൺസിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. 105 പന്തുകൾ നേരിട്ട കോൺവെ 91 റൺസെടുത്തു പുറത്തായി. നായകൻ ടോം ലാഥം (49 പന്തില്‍ 15), വിൽ യങ് (73 പന്തിൽ 33) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 34 പന്തിൽ 22 റൺസെടുത്ത രചിൻ രവീന്ദ്രയും 39 പന്തിൽ 14 റൺസെടുത്ത ഡാരിൽ മിച്ചലുമാണു ക്രീസിൽ.
മഴമൂലം ടെസ്റ്റിന്‍റെ ആദ്യദിനം കളി നടന്നിരുന്നില്ല. ഇന്ത്യയുടെ പേരുകേട്ട ബാറ്റർമാരെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡ് ശ്രദ്ധയോടെയാണ് ബാറ്റുവിശീയത്. ടോം ലഥാമും ഡെവോണും കീവീസിന് മികച്ച തുടക്കം നൽകി. ഇന്ത്യൻ പേസർമാരെ അനായാസം നേരിട്ട ഇരുവരും ഒന്നാം വിക്കറ്റിൽ 17.1 ഓവറിൽ 67 റൺസാണ് എടുത്തത്. സന്ദർശകരെയും വേഗത്തിൽ പുറത്താക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ ഇരുവരും തെറ്റിച്ചു.
ടോം ലാഥത്തെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. എൽ.ബി.ഡബ്ല്യുവിലാണ് താരം പുറത്തായത്. പിന്നാലെ വിൽ യങ്ങിനെ കൂട്ടുപിടിച്ച് ഡെവോൺ ടീം സ്കോർ ഉയർത്തി. 37ാം ഓവറിൽ വിൽ യങ് മടങ്ങി. രവീന്ദ്ര ജദേജയുടെ പന്തിൽ കുൽദീപ് യാദവിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. അധികം വൈകാതെ കോൺവെ അശ്വിന്റെ പന്തിൽ ബോൾഡായി.
നേരത്തെ, ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റർമാരിൽ അഞ്ചു പേർ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. 49 പന്തിൽ 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണിത്. 2020 ൽ ഇന്ത്യ ആസ്ട്രേലിയക്കെതിരെ 36 റൺസിനു പുറത്തായിരുന്നു. 1974ൽ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്സിൽ 42 റൺസിനും പുറത്തായിട്ടുണ്ട്.
വിരാട് കോഹ്ലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. രണ്ടുപേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പേസർ മാറ്റ് ഹെൻറിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. വിൽ ഒറൂക്ക് നാലും ടീം സൗത്തി ഒരു വിക്കറ്റും നേടി.
യശസ്വി ജയ്സ്വാൾ (63 പന്തിൽ 13), രോഹിത് ശർമ (16 പന്തിൽ രണ്ട്), കുൽപീദ് യാദവ് (17 പന്തിൽ രണ്ട്), ജസ്പ്രീത് ബുംറ (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.