ബംഗളൂരു: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഈർപ്പം നിറഞ്ഞ പിച്ചിൽ അമിത ആത്മവിശ്വാസത്തോടെ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്കോർ ബോർഡിൽ പത്ത് റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. നായകൻ രോഹിത് ശർമ രണ്ട് റൺസ് നേടി പുറത്തായപ്പോൾ സൂപ്പർ താരം വിരാട് കോഹ്‌ലിയും സർഫറാസ് ഖാനും കെ.എൽ. രാഹുലും രവീന്ദ്ര ജദേജയും സംപൂജ്യരായാണ് കൂടാരം കയറിയത്. ലഞ്ചിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 15 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ക്രീസിൽ.
ടിം സൗത്തി എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തിൽ ക്ലീൻ ബൗൾഡായാണ് രോഹിത് ശർമ മടങ്ങിയത്. 16 പന്തുകൾ നേരിട്ട താരത്തിന്‍റെ സമ്പാദ്യം കേവലം രണ്ട് റൺസാണ്. പിന്നാലെയെത്തിയ വിരാട് കോഹ്‌ലി ഒമ്പത് പന്തുകൾ നേരിട്ടെങ്കിലും റണ്ണൊന്നും കണ്ടെത്താനായില്ല. ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകി താരം മടങ്ങിയതോടെ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് എന്ന നിലയിലായി. വിൽ ഒറൂകിനാണ് വിക്കറ്റ്. പിന്നാലെ സർഫറാസ് ഖാനും വീണതോടെ സ്കോർ മൂന്നിന് പത്ത് റൺസ് എന്ന നിലയിലായി.
ക്ഷമയോടെ പിടിച്ചുനിന്ന യശ്വസ്വി ജയ്സ്വാൾ 21-ാം ഓവറിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 63 പന്തിൽ 13 റൺസാണ് താരം നേടിയത്. റണ്ണൊന്നും കണ്ടെത്താനാകാതെ രാഹുലും ജദേജയും മടങ്ങിയതോടെ ഉച്ചഭക്ഷണത്തിന് പിരിയുകയായിരുന്നു. കിവീസിനായി വിൽ ഒറൂക് മൂന്ന് വിക്കറ്റ് നേടിയപ്പോൾ മാറ്റ് ഹെന്റി രണ്ടും ടിം സൗത്തി ഒരു വിക്കറ്റും പിഴുതു.
നേരത്തെ ബംഗ്ലാദേശിനെതിരെ കാഴ്ചവച്ച പ്രകടനം തുടരാനാണ് ടീം ഇന്ത്യയുടെ പ്ലാനെന്ന് വ്യക്തമാക്കിയാണ് രോഹിത് ബാറ്റിങ് തെരഞ്ഞെടുത്ത്. ഈർപ്പമുള്ള പിച്ചിൽ തുടക്കത്തിൽ ബാറ്റിങ് ദുഷ്കരമാണെങ്കിലും പിച്ച് ഉണങ്ങുന്ന മുറയ്ക്ക് ബാറ്റിങ്ങിന് അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കിവീസ് ബൗളർമാരുടെ തീപാറുന്ന പ്രകടനത്തിനു മുമ്പിൽ ആതിഥേയർക്ക് അടിതെറ്റി. ആദ്യ സെഷനിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജദേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ്: ടോം ലാഥം (ക്യാപ്റ്റൻ), ഡെവോൺ കോണ്‍വെ, വിൽ യങ്, രചിന്‍ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മാറ്റ് ഹെൻറി, ടിം സൗത്തി, അജാസ് പട്ടേൽ, വിൽ ഒറൂക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.