കിവികൾക്കെതിരെ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; ഗിൽ കളിക്കില്ല, പകരക്കാരനായി സർഫറാസ്

ബംഗളൂരു: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരെ കാഴ്ചവച്ച പ്രകടനം തുടരാനാണ് ടീം ഇന്ത്യയുടെ പ്ലാനെന്ന് രോഹിത് വ്യക്തമാക്കി. ഈർപ്പമുള്ള പിച്ചിൽ തുടക്കത്തിൽ ബാറ്റിങ് ദുഷ്കരമാണെങ്കിലും പിച്ച് ഉണങ്ങുന്ന മുറയ്ക്ക് ബാറ്റിങ്ങിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയെങ്കിലും ശുഭ്മൻ ഗിൽ കളിക്കില്ല. താരം ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തിട്ടില്ലെന്ന് രോഹിത് വ്യക്തമാക്കി. ഗില്ലിന് പകരം സർഫറാസ് ഖാനെ അവസാന ഇലവനിൽ ഉൾപ്പെടുത്തി.

ആർ. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമേ മൂന്നാം സ്പിന്നറായി കുൽദീപ് യാദവ് കളിക്കും. ആകാശ് ദീപിനെ മാറ്റിയാണ് കുൽദീപിന് അവസരം നൽകിയത്. കിവീസിനായി പേസർ മിച്ചൽ സാന്റ്നർ ഇന്നു കളിക്കില്ല. പകജം അജാസ് പട്ടേൽ ടീമിലെത്തി. മഴ കാരണം ആദ്യ ദിവസത്തെ കളി ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ടോസിങ്ങും രണ്ടാം ദിവസത്തേക്ക് മാറ്റുകയായിരുന്നു. ബംഗളൂരുവിൽ ഇന്നും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജദേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ന്യൂസിലൻഡ്: ടോം ലാഥം (ക്യാപ്റ്റൻ), ഡെവോൺ കോണ്‍വെ, വിൽ യങ്, രചിന്‍ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മാറ്റ് ഹെൻറി, ടിം സൗത്തി, അജാസ് പട്ടേൽ, വിൽ ഒറൂക്.

 

Tags:    
News Summary - India vs New Zealand 1st Test Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.