ധരംശാല: ലോകകപ്പിലെ ത്രില്ലർ പോരിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയച്ചു. ഇതുവരെ തോൽവി അറിയാത്ത പോയന്‍റ് ടേബ്ളിലെ ആദ്യ രണ്ടുപേർ തമ്മിലുള്ള മത്സരത്തിൽ ഇന്ത്യ രണ്ടു മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ പരിക്കേറ്റ ഉപ നായകൻ ഹർദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാർ യാദവും ശാർദുൽ ഠാക്കൂറിന് പകരം പേസ് ബൗളർ മുഹമ്മദ് ഷമിയും ടീമിൽ തിരിച്ചെത്തി. അതേസമയം, കീവീസ് ടീമിൽ മാറ്റങ്ങളൊന്നുമില്ല. അഫ്ഗാനിസ്താനെതിരെ ഇറങ്ങിയ അതേ ടീമിനെ തന്നെയാണ് നിലനിർത്തിയത്.
2019ലെ ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. അന്ന് ഇന്ത്യയെ 18 റൺസിന് തോൽപിച്ചാണ് കീവീസ് കലാശപ്പോരിന് യോഗ്യത നേടിയത്.
ലോകകപ്പിൽ ഇരുവരും ഒമ്പത് തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും വിജയം ന്യൂസിലൻഡിനൊപ്പമായിരുന്നു. മൂന്നെണ്ണത്തിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഒരു മത്സരം ഉപേക്ഷിച്ചു. ഒരു ഐ.സി.സി ടൂർണമെന്‍റിൽ 2003ലാണ് ഇന്ത്യ അവസാനമായി കീവീസിനെ തോൽപിച്ചത്. നിലവിൽ ഇരുടീമുകൾക്കും എട്ടു പോയന്‍റാണെങ്കിലും റൺ റേറ്റിന്‍റെ മുൻതൂക്കത്തിൽ ന്യൂസിലൻഡാണ് ഒന്നാമത്.
അതേ സമയം, ധരംശാലയിൽ പകൽ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉച്ചക്കുശേഷം മൂന്നുവരെ 47 ശതമാനം മഴ സാധ്യതയാണ് പറയുന്നത്. വൈകീട്ട് നാലു മുതൽ ആറുവരെ 14 മുതൽ 10 ശതമാനം വരെയും ആറിനുശേഷം ഇത് രണ്ടു ശതമാനവുമാണെന്ന് കലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.India chose to field
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ന്യൂസിലൻഡ്: ടോം ലഥാം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്‌നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.