ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 61 റൺസിന്റെ തകർപ്പൻ ജയം. ബാറ്റിങ്ങിൽ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ നിറഞ്ഞാടിയപ്പോൾ, ബൗളിങ്ങിൽ ഇന്ത്യൻ സ്പിന്നർമാർ വീറുറ്റ പ്രകടനം പുറത്തെടുത്തു. 203 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന്റെ ഇന്നിങ്സ് 141 റൺസിൽ അവസാനിച്ചു. 25 റൺസെടുത്ത് പുറത്തായ ഹെയ്ന്റിച് ക്ലാസനാണ് അവരുടെ ടോപ് സ്കോറർ. സ്കോർ: ഇന്ത്യ - 20 ഓവറിൽ എട്ടിന് 202, ദക്ഷിണാഫ്രിക്ക - 17.5 ഓവറിൽ 141ന് പുറത്ത്. ജയത്തോടെ നാല് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച പോർട്ട് എലിസബത്തിൽ നടക്കും.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. സ്കോർ എട്ടിൽ നിൽക്കേ നായകൻ എയ്ഡൻ മർക്രം (എട്ട്) മടങ്ങി. റയാൻ റിക്കൽറ്റൻ 21 റൺസ് നേടി. ട്രിസ്റ്റൻ സ്റ്റബ്സ് (11), ഡേവിഡ് മില്ലർ (18), മാർകോ യാൻസൻ (12), പാട്രിക് ക്രൂഗർ (ഒന്ന്), ആൻഡിൽ സിമലേൻ (ആറ്), ജെറാൾഡ് കോട്സീ (23), കേശവ് മഹാരാജ് (അഞ്ച്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സ്കോർ. അവസാന ഓവറുകളിൽ കോട്സീ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പ്രോട്ടീസിനെ ജയത്തിലെത്തിക്കാൻ അത് മതിയായിരുന്നില്ല. ഇന്ത്യക്കായി രവി ബിഷ്ണോയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം നേടി.
സഞ്ജു ഷോ
രാജ്യാന്തര ക്രിക്കറ്റിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിത്തിളക്കവുമായി മിന്നിയ മലയാളി താരം സഞ്ജു സാംസന്റെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കിങ്സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രോട്ടീസ് ബോളർമാരുടെ ആത്മവീര്യം തച്ചുടച്ച സഞ്ജു 50 പന്തിൽ 107 റൺസാണ് അടിച്ചുകൂട്ടിയത്. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജു സെഞ്ച്വറി നേടിയിരുന്നു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സഞ്ജുവും അഭിഷേക് ശർമയും ചേർന്ന് പതിഞ്ഞ തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ രണ്ട് റൺസ് മാത്രമാണ് ഇന്ത്യൻ സ്കോർ ബോർഡിൽ പിറന്നത്. നാലാം ഓവറിലെ ആദ്യ പന്തിൽ അഭിഷേക് പുറത്തായെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജുവിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് സ്കോറിങ് വേഗം ടോപ് ഗിയറിലാക്കി. പവർപ്ലേയിൽ 56 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.
എട്ടാം ഓവർ എറിയാനെത്തിയ ക്വബയോംസിയുടെ തുടർച്ചയായ രണ്ട് പന്തുകൾ ഗാലറിയിലെത്തിച്ചാണ് സഞ്ജു അർധ ശതകത്തിലെത്തിയത്. 27 പന്തുകൾ മാത്രമാണ് ഇതിനായി സഞ്ജുവിന് വേണ്ടിവന്നത്. പാട്രിക് ക്രൂഗറിന്റെ ഒമ്പതാം ഓവറിൽ മൂന്ന് വൈഡും രണ്ട് നോ ബോളും ഉൾപ്പെടെ 11 പന്താണെറിഞ്ഞത്. ഈ ഓവറിലെ അവസാന പന്തിൽ ആൻഡിൽ സിമലേന് ക്യാച്ച് സമ്മാനിച്ച് സൂര്യകുമാർ മടങ്ങി. 17 പന്തിൽ 21 റൺസാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെയിറങ്ങിയ തിലക് വർമ സഞ്ജുവിനൊപ്പം വമ്പനടികളുമായി കളം നിറഞ്ഞു. 15-ാം ഓവറിലെ ആദ്യ പന്തിൽ സഞ്ജു സെഞ്ച്വറി പൂർത്തിയാക്കി. 47 പന്തിലാണ് താരം മൂന്നക്കം കടന്നത്. 50ൽനിന്ന് 100ൽ എത്താൽ 20 പന്തുകൾ മാത്രമാണ് സഞ്ജുവിന് വേണ്ടിവന്നത്. ഇതേ ഓവറിലെ നാലാം പന്തിൽ തിലക് വർമ (18 പന്തിൽ 33) വീണു. കേശവ് മഹാരാജിന്റെ പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച താരം മാക്രോ യാൻസന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. മൂന്ന് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. നാലാം വിക്കറ്റിൽ സഞ്ജുവിനൊപ്പം 77 റൺസിന്റെ കൂട്ടുകെട്ടാണ് താരം സൃഷ്ടിച്ചത്.
തൊട്ടടുത്ത ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സിന് ക്യാച്ച് സമ്മാനിച്ച് സഞ്ജു കൂടാരം കയറി. ആകെ 50 പന്തുകൾ നേരിട്ട താരം 214 സ്ട്രൈക്ക് റേറ്റിൽ 107 റൺസാണ് അടിച്ചെടുത്തത്. പത്ത് സിക്സറുകളും ഏഴ് ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. ട്വന്റി20യിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സഞ്ജു. ഹാർദിക് പാണ്ഡ്യ (രണ്ട്), റിങ്കു സിങ് (11), അക്ഷർ പട്ടേൽ (ഏഴ്), രവി ബിഷ്ണോയ് (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. അർഷ്ദീപ് സിങ് (അഞ്ച്*) പുറത്താകാതെ നിന്നു. പ്രോട്ടീസിനായി ജെറാൾഡ് കോട്സീ മൂന്ന് വിക്കറ്റുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.