കെബർഹ: ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ട്വന്റി20 മത്സരത്തിന് പൂർണ സജ്ജരായിരിക്കുകയാണ് ടീം ഇന്ത്യ. മത്സരം രാത്രി 7.30ന് തുടങ്ങാനിരിക്കെ മലയാളി താരം സഞ്ജു സാംസണിലാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകൾ. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേട്ടവുമായി കളിയിലെ താരമായ സഞ്ജുവിന് ഇന്ന് സെഞ്ച്വറി നേടാനായാൽ സ്വന്തമാക്കാനാകുക മറ്റൊരു ചരിത്ര നേട്ടം കൂടിയാണ്. രാജ്യാന്തര ട്വന്റി20യിൽ ഹാട്രിക് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തോടെ, ട്വന്റി20യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സഞ്ജു സ്വന്തമാക്കിയിരുന്നു.
അതേസമയം, ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര നഷ്ടപ്പെടില്ലെന്ന് ഇന്ത്യക്ക് ഉറപ്പിക്കാനാകും. ആകെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ 61 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. പ്രോട്ടീസ് ബോളർമാരെ നിർദയം പ്രഹരിച്ച സഞ്ജുവിന്റെ ഇന്നിങ്സ് തന്നെയായിരുന്നു ആദ്യ മത്സരത്തിലെ ഹൈലൈറ്റ്. 50 പന്തിൽ 107 റൺസെടുത്ത് ആധികാരികമായി ബാറ്റുവീശിയ സഞ്ജു ഒരു പിടി റെക്കോഡുകൾ സ്വന്തമാക്കിയാണ് വെള്ളിയാഴ്ച കളി തന്റേതാക്കിയത്.
സിക്സറുകൾ തീമഴയായി പ്രവഹിച്ച വെടിക്കെട്ടിൽ അന്താരാഷ്ട്ര ട്വന്റി20യിൽ തുടരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമായി സഞ്ജു മാറി. ഒക്ടോബർ 12ന് ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 47 പന്തിൽ നിന്ന് 111 റൺസായിരുന്നു സഞ്ജു നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ സഞ്ജുവിന്റേതായിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിൽ രണ്ട് ട്വന്റി20 സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര താരമാണ് സഞ്ജു. വ്യക്തിഗത മികവ് ആകാശംതൊട്ട കളിയിൽ പക്ഷേ, മറ്റു ബാറ്റർമാർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയത് ആധിയുണർത്തുന്നതാണ്.
മുൻനിരയും മധ്യനിരയും കരുത്താകേണ്ട ബാറ്റിങ്ങിൽ തിലക് വർമയും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് പിടിച്ചുനിന്നത്. ഓപണർ അഭിഷേക് ശർമ പിന്നെയും പരാജയപ്പെടുന്നതായിരുന്നു കാഴ്ച. കഴിഞ്ഞ വർഷം സിംബാബ്വേയിൽ 47 പന്തിൽ സെഞ്ച്വറി തൊട്ട അഭിഷേക് സമീപകാലത്ത് 0, 10, 14, 16, 15, 4, 7 എന്നിങ്ങനെയായിരുന്നു പ്രകടനം. 18 പന്തിൽ 33 എടുത്ത തിലക് വർമ സഞ്ജുവിന് മികച്ച പിന്തുണയും നൽകി. സൂര്യകുമാർ പക്ഷേ, നന്നായി തുടങ്ങിയെങ്കിലും വെറുതെ വിക്കറ്റ് കളഞ്ഞുകുളിച്ചു. ഇന്ത്യക്ക് 36 റൺസ് എടുക്കുന്നതിനിടെ ആറു വിക്കറ്റുകളാണ് നഷ്ടമായത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസിൽ നിന്ന ഇന്ത്യ 20 ഓവർ പൂർത്തിയാക്കുമ്പോൾ 202/8 എന്ന നിലയിലായിരുന്നു.
ബൗളിങ്ങിൽ പ്രതീക്ഷ നൽകുന്നതായിരുന്നു കാര്യങ്ങൾ. വലിയ ടോട്ടൽ മുന്നിൽക്കണ്ട് ബാറ്റിങ് തുടങ്ങിയ ആതിഥേയരെ 141 റൺസിൽ ഇന്ത്യൻ ബൗളർമാർ തീർത്തു. 28 റൺസ് വഴങ്ങി മൂന്നുപേരെ മടക്കിയ വരുൺ ചക്രവർത്തി തന്നെയായിരുന്നു ഹീറോ. അർഷ്ദീപ് സിങ്, ആവേശ് ഖാൻ എന്നീ പേസർമാരും മികച്ച പ്രകടനം പുറത്തെടുത്തു.
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കു മുന്നിലേറ്റ തോൽവിക്ക് പരമ്പരയിൽ പകരം ചോദിക്കാമെന്ന മോഹം ആദ്യ മത്സരത്തിൽ അടിയേറ്റ ദക്ഷിണാഫ്രിക്കക്ക് വരും മത്സരങ്ങളിൽ കൂടുതൽ കരുത്തുകാട്ടാനായാൽ കളി കടുക്കുമെന്നുറപ്പ്. അടുത്തിടെ വെസ്റ്റ് ഇൻഡീസിനോട് പ്രോട്ടീസ് സംഘം 3-0ന് തോൽവി വഴങ്ങിയിരുന്നു.
അന്തിമ ഇലവൻ ഇവരിൽനിന്ന്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, വിജയ കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.