കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 78 റൺസിന്റെ മിന്നും ജയം. സഞ്ജു സാംസൺ നേടിയ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 297 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ, 218 റൺസിന് കൂടാരം കയറുകയായിരുന്നു. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
ഒമ്പതോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകർത്ത്. സഞ്ജു സാംസൺ 114 പന്തിൽ 108 റൺസെടുത്തു. 110 പന്തുകളിൽ നിന്നായിരുന്നു താരം സെഞ്ചുറി തികച്ചത്. മൂന്ന് സിക്സും ആറ് ബൗണ്ടറിയും ഉൾപ്പെട്ടതാണ് ഇന്നിങ്സ്. സഞ്ജുവിന്‍റെ ആദ്യ ഏകദിന സെഞ്ചുറി കൂടിയായിരുന്നു ഇത്.
ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിൽ ടോണി ഡെ സോർസി മാത്രമാണ് പൊരുതിയത്. 87 പന്തുകളിൽ ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം താരം 81 റൺസെടുത്തു. ഐഡൻ മാർക്രം 41 പന്തുകളിൽ 36 റൺസുമെടുത്തു. അവശേഷിച്ച ബാറ്റർമാരെല്ലാം തന്നെ പരാജയമായിരുന്നു. ഇന്ത്യക്കായി ആവഷേ് ഖാനും വാഷിങ്ടൺ സുന്ദറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദിന് പകരം രജത് പാട്ടീദാറാണ് സായി സുദർശന് ഒപ്പം ഓപ്പണറായി ഇറങ്ങിയത്. ആദ്യ ഓവറുകളിൽ മികച്ച റൺസ് പിറന്നെങ്കിലും ഓപ്പണർമാർ ഇരുവരും വേഗം പുറത്തായി. 16 പന്തിൽ 22 റൺസെടുത്ത് രജത് പാട്ടീദാർ അഞ്ചാം ഓവറിൽ പുറത്തായി. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ സായി സുദർശന് ഇക്കുറി താളംകണ്ടെത്താനായില്ല. 10 റൺസ് മാത്രമെടുത്ത് എട്ടാം ഓവറിൽ സുദർശനും മടങ്ങി. പിന്നീട് സഞ്ജുവും ക്യാപ്റ്റൻ കെ.എൽ. രാഹുലും ചേർന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
21 റൺസെടുത്ത രാഹുൽ 19ാം ഓവറിൽ പുറത്താകുമ്പോൾ സ്കോർ ബോർഡിൽ 101 റൺസായിരുന്നു. പിന്നീട് സഞ്ജു-തിലക് വർമ സഖ്യമാണ് ഇന്ത്യയെ മുന്നോട്ടുനയിച്ചത്. 116 റൺസിന്‍റെ നിർണായക കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. 52 റൺസെടുത്ത് തിലക് വർമ പുറത്തായി. അഞ്ച് ഫോറും ഒരു സിക്സും അടങ്ങിയതാണ് ഇന്നിങ്സ്. റിങ്കു സിങ്ങും മികച്ച പ്രകടനം നടത്തി. 27 പന്തിൽ 38 റൺസെടുത്താണ് റിങ്കു പുറത്തായത്. അക്സർ പട്ടേൽ ഒരു റണ്ണെടുത്തും വാഷിങ്ടൺ സുന്ദർ 14 റൺസെടുത്തും പുറത്തായി. അർഷദീപ് (7), ആവേഷ് ഖാൻ (1) എന്നിവർ പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.