ആന്റിഗ്വ: വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്‍റി20യിൽ ഓപ്പണർമാരായ യശസ്വി ജയ്സ്വാളിന്‍റെയും ശുഭ്മൻ ഗില്ലിന്‍റെയും ബാറ്റിങ് വെടിക്കെട്ട്. ഇരുവരും അർധ സെഞ്ച്വറി നേടിയ നാലാം ട്വന്‍റി20യിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം.
ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ വിൻഡീസിനൊപ്പമെത്തി. ഇരുടീമുകൾക്കും രണ്ടു വീതം ജയം. അഞ്ചാം മത്സരം നിർണായകമായി. ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാകും. വിൻഡീസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 17 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ജയ്സ്വാൾ 51 പന്തിൽ മൂന്ന് സിക്സും 11 ഫോറുമടക്കം 84 റൺസെടുത്ത് പുറത്താകാതെ നിന്നു. ശുഭ്മൻ ഗിൽ 47 പന്തിൽ അഞ്ചു സിക്സും മൂന്നു ഫോറുമടക്കം 77 റൺസെടുത്ത് പുറത്തായി. തിലക് വർമ അഞ്ചു പന്തിൽ ഏഴു റൺസെടുത്തു. ആദ്യത്തെ പത്ത് ഓവറിൽ ഇന്ത്യൻ ഓപ്പണർമാർ നേടിയത് 100 റൺസ്. അരങ്ങേറ്റ മത്സരം നിരാശപ്പെടുത്തിയ ജയ്സ്വാൾ രണ്ടാം മത്സരത്തിൽ അതിന്‍റെ ക്ഷീണം തീർത്തു. പന്തെറിഞ്ഞ വിൻഡീസ് ബൗളർമാരെല്ലാം ഇവരുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസിനെ ഷിമ്രോൺ ഹെറ്റ്‌മെയറിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 39 പന്തിൽ നാലു സിക്സും മൂന്നു ഫോറുമടക്കം 61 റൺസെടുത്താണ് താരം പുറത്തായത്. ഷായ് ഹോപ് 29 പന്തിൽ 45 റൺസെടുത്തു.
കൈൽ മേയേഴ്‌സ് (ഏഴു പന്തിൽ 17), ബ്രാൻഡൻ കിങ് (16 പന്തിൽ 18), ഷായ് ഹോപ് (29 പന്തിൽ 45), നിക്കോളാസ് പൂരൻ (മൂന്നു പന്തിൽ ഒന്ന്), റോവ്‌മാൻ പവൽ (മൂന്നു പന്തിൽ ഒന്ന്), റൊമാരിയോ ഷെപ്പേർഡ് (ആറു പന്തിൽ ഒമ്പത്), ജാസൻ ഹോൾഡർ (നാലു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഒഡിയൻ സ്മിത്ത് (12 പന്തിൽ 15), അകീൽ ഹുസൈൻ (രണ്ടു പന്തിൽ അഞ്ച്) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ടു വിക്കറ്റും അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.