ആന്റിഗ്വ: ഇന്ത്യക്കെതിരായ നാലാം ട്വന്‍റി20യിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. മലയാളി താരം സഞ്ജു സാംസൺ കളിക്കും.
ആതിഥേയ നിരയിൽ മൂന്നു മാറ്റങ്ങളുണ്ട്. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര 2-2ന് ഒപ്പം പിടിക്കാനാകും. കൈവിട്ടാൽ പരമ്പര വിൻഡീസിനു സ്വന്തം. ആദ്യ രണ്ടു കളികളും തോറ്റ ടീം മൂന്നാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവന്നിരുന്നു. ആതിഥേയർ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം സൂര്യകുമാർ യാദവിന്റെയും (83 റൺസ്) തിലക് വർമയുടെയും (49) കരുത്തിൽ അടിച്ചെടുത്താണ് ടീം കളി ജയിച്ചത്. ബാറ്റർമാരിൽ തന്നെയാകും ഇന്നും ടീം പ്രതീക്ഷയർപ്പിക്കുക.
യശസ്വി ജയ്സ്വാളിന്റെ ട്വന്റി20 അരങ്ങേറ്റമായിരുന്നു കഴിഞ്ഞ കളിയിൽ ഇന്ത്യൻ നിരയിലെ സവിശേഷത. ഇശാൻ കിഷൻ ബെഞ്ചിലിരുന്നപ്പോൾ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞു. ഓപണിങ് കൂട്ടുകെട്ട് ഇനിയും കരുത്തുകാട്ടാത്തത് ആധി പടർത്തുന്നുണ്ട്. നാലാം ട്വന്റി20ക്കായി ഒരുക്കിയ പിച്ച് ബാറ്റിങ്ങിനെ തുണക്കുന്നതാണെന്ന സവിശേഷതയുണ്ട്. അതോടൊപ്പം, 2016നുശേഷം ആദ്യമായി ഇന്ത്യക്കെതിരെ പരമ്പര ജയിക്കുകയെന്ന വലിയ നേട്ടമാണ് ആതിഥേയരെ കാത്തിരിക്കുന്നത്.
ടീം ഇന്ത്യ: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, തിലക് വർമ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, യുസ്‌വേന്ദ്ര ചാഹൽ.
വെസ്റ്റ് ഇൻഡീസ്: റോവ്‌മാൻ പവൽ (ക്യാപ്റ്റൻ), കൈൽ മേയേഴ്‌സ്, ഷിമ്രോൺ ഹെറ്റ്‌മെയർ, നിക്കോളാസ് പൂരൻ, അകീൽ ഹുസൈൻ, ഷായ് ഹോപ്, ബ്രാൻഡൻ കിങ്, ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേർഡ്, ഒഡിയോൻ സ്മിത്ത്, ജാസൻ ഹോൾഡർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.