മന്ഥാനക്ക് സെഞ്ച്വറി; ഇന്ത്യൻ വനിതകൾക്ക് ആറു വിക്കറ്റ് ജയം; ന്യൂസിലൻഡിനെതിരെ പരമ്പര

അഹമ്മദാബാദ്: സ്മൃതി മന്ഥാനയുടെ സെഞ്ച്വറിയുടെ ബലത്തിൽ ന്യൂസിലൻഡിനെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ആറു വിക്കറ്റ് ജയം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കീവീസ് ഒരു പന്തു മാത്രം ബാക്കി നിൽക്കെ, 232 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 28 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. സ്കോർ -49.5 ഓവറിൽ 232. ഇന്ത്യ -45.2 ഓവറിൽ നാലു വിക്കറ്റിന് 236. മന്ഥാന 122 പന്തിൽ 10 ഫോറുകളടക്കം 100 റൺസെടുത്താണ് പുറത്തായത്.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 67 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്നു. ഷഫാലി വർമ (11 പന്തിൽ 12), യസ്തിക ഭാട്ടിയ (49 പന്തിൽ 35), ജമീമ റോഡ്രിഗസ് (13 പന്തിൽ 11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് സന്ദർശകരെ ചെറിയ സ്കോറിലൊതുക്കിയത്. ദീപ്തി ശർമ 10 ഓവറിൽ 39 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര 10 ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

രേണുക താക്കൂർ സിങ്, സൈമ താക്കൂർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബ്രൂക് ഹാലിഡേയാണ് ന്യൂസിലൻഡിന്‍റെ ടോപ് സ്കോറർ. താരം 96 പന്തിൽ ഒമ്പതു ഫോറും മൂന്നു സിക്സുമടക്കം 86 റൺസെടുത്തു. ഓപ്പണർ ജോർജിയ പ്ലിമർ (67 പന്തിൽ 39), മാഡി ഗ്രീൻ (19 പന്തിൽ 15), ഇസബെല്ല ഗെയ്സ് (49 പന്തിൽ 25), ലീ തഹൂഹു (14 പന്തിൽ 24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഒന്നാം ഏകദിനത്തിൽ 59 റൺസിന് ജയിച്ചെങ്കിലും രണ്ടാം ഏകദിനത്തിൽ ഇന്ത്യ 76 റൺസിന് പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - India Women beat New Zealand Women in 3rd ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.