ഷഫാലി (64 നോട്ടൗട്ട്), സ്മൃതി (54) വെടിക്കെട്ട്; ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

മുംബൈ: ഏകദിനത്തിൽ വീണുപോയത് കുട്ടിക്രിക്കറ്റിൽ തിരിച്ചുപിടിപ്പിക്കുമെന്ന പ്രഖ്യാപനമായി ആദ്യ ട്വന്റി20. ടിറ്റസ് സാധു പന്തെറിഞ്ഞും സമൃതി മന്ദാന- ഷഫാലി വർമ കൂട്ടുകെട്ട് ബാറ്റെടുത്തും കളംനിറഞ്ഞ ദിനത്തിൽ ഒമ്പതു വിക്കറ്റിനായിരുന്നു ഇന്ത്യൻ വനിതകളുടെ ജയം. സ്കോർ. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ആസ്ട്രേലിയ 141. ഇന്ത്യ: 17.4 ഓവറിൽ 145/1.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യൻ വനിതകൾ മാരകപ്രകടനവുമായി കളം ഭരിക്കുന്നതായിരുന്നു തുടക്കം മുതൽ കാഴ്ച. 28 റൺസിൽ നിൽക്കെ ആദ്യ വിക്കറ്റ് വീണു. ബെത് മൂണിയെ ടിറ്റസ് സാധു കൗറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിറകെ ഓപണർ അലീസ ഹീലിയും മടങ്ങി. രേണുക സിങ്ങിനായിരുന്നു വിക്കറ്റ്. വൺഡൗണായി എത്തിയ തഹ്‍ലിയ മഗ്രാത്ത് സംപൂജ്യയായി കൂടാരം കയറിയതോടെ കളിയുടെ ചിത്രം വ്യക്തമായിരുന്നു. നാലു വിക്കറ്റ് നഷ്ടത്തിൽ 33 റൺസാക്കി ആഷ്ലീഗ് ഗാർഡ്നറും ഇടക്കുപിരിഞ്ഞ ഓസീസ് നിരയിൽ എലീസ പെറിയും ഫീബ് ലിച്ച്ഫീൽഡും ചേർന്ന് രക്ഷാദൗത്യമാരംഭിച്ചത് കളിയുടെ ഗതി മാറ്റുമെന്ന് തോന്നിച്ചു.

പെറി 37 എടുത്തപ്പോൾ ലിച്ച്ഫീൽഡിന്റെ സമ്പാദ്യം 49 റൺസായിരുന്നു. അതിനുശേഷം വന്നവരാരും കാര്യമായി സംഭാവനകളർപ്പിക്കാനാവാതെ മടങ്ങിയതോടെ സന്ദർശകരുടെ സമ്പാദ്യം 141ലൊതുങ്ങി. നാലോവറിൽ 17 റൺസ് മാത്രം വിട്ടുനൽകി നാലുപേരെ തിരിച്ചയച്ച ടിറ്റസ് സാധു ആയിരുന്നു ഇന്ത്യൻ ബൗളിങ് നിരയിൽ ഏറ്റവും മാരകമായി പന്തെറിഞ്ഞത്. ശ്രേയങ്ക പാട്ടീലും ദീപ്തി ശർമയും രണ്ടു വീതവും രേണുക, അമൻജോത് കൗർ ഒന്നു വീതവും പേരെ മടക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ അത്യാവേശകരമായാണ് സൃതി മന്ദാനയും ഷഫാലി വർമയും ബാറ്റു വീശിയത്. എതിരാളികളെ നിർദയം തല്ലിയ ഇരുവരും അതിവേഗം സ്കോർ ചലിപ്പിച്ചപ്പോൾ ഇന്ത്യക്ക് ലക്ഷ്യം എളുപ്പമായി.

മന്ദാന 54 റൺസെടുത്ത് മടങ്ങിയെങ്കിലും 64 റൺസുമായി ഷഫാലി പുറത്താകാതെ നിന്നു. അടുത്തിടെ പൂർത്തിയായ ഏകദിന പരമ്പരയിൽ ഓസീസ് വനിതകൾ 3-0ന് ഇന്ത്യയെ ചുരുട്ടിക്കെട്ടിയിരുന്നു.

Tags:    
News Summary - India won by nine wickets against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.