കൊൽക്കത്ത: ലോകകപ്പിൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന കളിയിൽ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ ദക്ഷിണാഫ്രിക്കൻ ടീമിൽ ജെറാൾഡ് കോറ്റ്സിക്ക് പകരം സ്പിന്നർ തബ്രൈസ് ഷംസി ഇടം നേടി.
ഏഴിൽ ഏഴു മത്സരവും ജയിച്ച് ഒന്നാമന്മാരായാണ് ഇന്ത്യ എത്തുന്നതെങ്കിൽ ഒരു കളി മാത്രം തോറ്റാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. അപരാജിത യാത്രയിൽ ബാറ്റർമാരും ബൗളർമാരും ഒരുപോലെ മികച്ച സംഭാവനകളാണ് ഇന്ത്യക്ക് നൽകുന്നത്. പേസർ മുഹമ്മദ് ഷമി തന്നെ ഇക്കാര്യത്തിൽ മുമ്പൻ. മൂന്നു മത്സരങ്ങളിൽ താരം എറിഞ്ഞിട്ടത് 14 വിക്കറ്റുകൾ. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും തകർപ്പൻ പ്രകടനം തുടരുന്നു. സ്പിന്നർ കുൽദീപ് യാദവും മോശമാക്കുന്നില്ല. ബാറ്റിങ്ങിൽ രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരും. ഓൾറൗണ്ടറെന്ന നിലയിൽ രവീന്ദ്ര ജദേജയെയും വിശ്വാസത്തിലെടുക്കാം.
അപ്പുറത്ത് ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് അട്ടിമറിച്ചതൊഴിച്ചാൽ മറ്റു കളികളിലെല്ലാം ജയം നേടാനായി. ഏഴിൽ അഞ്ചു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തപ്പോൾ 300ന് അപ്പുറത്തായിരുന്നു സ്കോർ. ചേസ് ചെയ്തപ്പോഴാണ് ഡച്ചുകാരോട് തോറ്റതും പാകിസ്താനോട് പതറി ജയിച്ചതും. മറുപടി ബാറ്റിങ് വെല്ലുവിളിയാവുന്നുവെന്നതാണ് ഇവരുടെ തലവേദന. നാലു സെഞ്ച്വറികളുമായി ക്വിന്റൺ ഡി കോക്ക് ലോകകപ്പിലെ തന്നെ ടോപ് സ്കോററാണ്. റാസി വാൻ ഡെർ ഡസൻ, ഹെൻറിച് ക്ലാസെൻ, ഡേവിഡ് മില്ലർ തുടങ്ങിയവരും മിന്നുന്നു. ഓൾ റൗണ്ട് മികവുമായി മാർകോ ജാൻസെനും.
െപ്ലയിങ് ഇലവൻ: ഇന്ത്യ -രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റസി വാൻ ഡെർ ഡസൻ, ഹെൻറിച് ക്ലാസെൻ, ഡേവിഡ് മില്ലർ, എയ്ഡൻ മർക്രം, മാർകോ ജൻസെൻ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, കഗിസോ റബാദ, തബ്രൈസ് ഷംസി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.