കൊളംബോ: ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും ചേർന്ന് ശ്രീലങ്കയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ ടീമിൽ ഇടം കണ്ടെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ, യുസ്‌വേന്ദ്ര ചാഹൽ, രവിചന്ദ്രൻ അശ്വിൻ, തിലക് വർമ എന്നിവർക്ക് ഇടം കണ്ടെത്താനായില്ല.
ഏഷ്യാ കപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ലോകകപ്പ് ടീം പ്രഖ്യാപനം. തിലക് വർമ, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസൺ എന്നിവരെ മാത്രമാണ് മാറ്റിയത്.
ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിൽ ലോകകപ്പ് ആരംഭിക്കുന്നതിന് ഏഴ് ദിവസം മുൻപ് വരെ ടീമിൽ മാറ്റങ്ങൾ വരുത്താനാകും. ഏഷ്യാ കപ്പിന് ശേഷം ലോകകപ്പിന് മുൻപ് ആസ്ട്രേലിയയുമായി ഏകദിന പരമ്പര കൂടി വരുന്നതിനാൽ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
ഇന്ത്യയുടെ പ്രതിഭ സമ്പത്ത് വെച്ച് ടീമിനെ 15 കളിക്കാരായി ചുരുക്കുക വെല്ലുവിളിയാണെന്നും ശക്തമായ ടീമിനെ തിരഞ്ഞെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രഖ്യാപന ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു.
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.