സെപ്തംബർ രണ്ടിന് പല്ലേക്കലെ സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ നടക്കുന്ന ഏഷ്യാ കപ്പ് ഓപണറിനായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന ത്രില്ലർ പോരിന് മുമ്പേ ദിവസങ്ങളായുള്ള ചർച്ചാ വിഷയം ബാറ്റിങ്ങിൽ നാലാം നമ്പറിൽ ആരിറങ്ങുമെന്നതാണ്. പരിക്ക് മാറി കെ.എൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചുവന്നതും, മുൻ കോച്ച് രവി ശാസ്ത്രിയും ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ഇതിഹാസം എ.ബി ഡിവില്ലേഴ്സും വിരാട് കോഹ്‍ലിയെ നാലാമനായി ഇറക്കാൻ നിർദേശിച്ച് രംഗത്തുവന്നതുമൊക്കെ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചു.
എന്നാൽ, ശാസ്ത്രിയുടെയും ഡിവില്ലേഴ്സിന്റെയും നിർദേശങ്ങൾ പ്രകാരമല്ല, ടീം ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് ലൈനപ്പ്. ഏഷ്യാ കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിനായി ഇന്ത്യൻ ടീം നിലവിൽ കർണാടകയിലെ ആലൂരിലാണുള്ളത്. ആറ് ദിവസങ്ങൾ നീണ്ട ക്യാംപിൽ വെച്ചാകും പ്ലേയിങ് ഇലവൻ കോപിനേഷൻ മാനേജ്മെന്റ് കണ്ടെത്തുക. പരിശീലന ക്യാംപിൽ പതിവുപോലെ നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലുമാണ് ഓപൺ ചെയ്തതത്. മൂന്നാമനായി കോഹ്‍ലിയും നാലാമനായി ശ്രേയസ് അയ്യരും ബാറ്റ് ചെയ്തു. ഇതേ ക്രമത്തിലാകും ഏഷ്യാ കപ്പിലും ടീം ഇന്ത്യയിറങ്ങുകയെന്നാണ് സൂചന.
അതേസമയം, അഞ്ചാമനായി ആരെത്തും എന്ന കാര്യത്തിൽ ഇപ്പോൾ സ്ഥിരീകരണമില്ല. പൂർണമായും ഫിറ്റ്നസ് താരം വീണ്ടെടുത്തിട്ടില്ലെന്ന സൂചന നൽകുന്നതായിരുന്നു പരിശീലന സെഷനിലെ കാഴ്ചകൾ. സൂര്യകുമാർ യാദവിനൊപ്പമായിരുന്നു രാഹുലെത്തിയത്. നെറ്റ്സിൽ ബൗളർമാരെ നേരിട്ട താരം പക്ഷെ വിക്കറ്റുകൾക്കിടയിൽ ഓടിയില്ല. രാഹുലിന് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇഷാൻ കിഷനാകും അവസരം ലഭിക്കുക.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, സഞ്ജു സാംസണ്‍ (സ്റ്റാന്‍ഡ് ബൈ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.