തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി കാര്യവട്ടത്ത് പരിശീലനത്തിനെത്തുന്ന ഇന്ത്യൻ ടീമിന് ഏറ്റുമുട്ടാൻ ഐ.സി.സി നൽകിയത് നെതർലൻഡ്സിനെ. ഒക്ടോബർ മൂന്നിനാണ് രോഹിത് ശർമയും സംഘവും വിശ്വകീരിടമെന്ന സ്വപ്നവുമായി ഓറഞ്ച് പടക്കെതിരെ പരിശീലനമത്സരത്തിനിറങ്ങുക. ശ്രീലങ്കക്കൊപ്പം പത്താം സ്ഥാനക്കാരായി യോഗ്യതാറൗണ്ട് താണ്ടിയ ഡച്ച് പടയുടെ അഞ്ചാം ലോകകപ്പ് പോരാട്ടംകൂടിയാണ് ഇത്തവണത്തേത്.
ആസ്ട്രേലിയയുമായുള്ള പരിശീലന മത്സരത്തിന് പാകിസ്താന് ക്രിക്കറ്റ് ടീം കേരളത്തിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും ഐ.സി.സി തള്ളി. നിലവിൽ ഇന്ത്യക്കും നെതർലന്‍ഡ്സിനും പുറമെ ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താൻ, ന്യൂസിലൻഡ് ടീമുകളാണ് കാര്യവട്ടത്ത് കളിക്കാനിറങ്ങുക. സെപ്റ്റംബർ 29ന് അഫ്ഗാനിസ്ഥാൻ സൗത്ത് ആഫ്രിക്ക പോരാട്ടത്തിനാകും സ്പോർട്സ് ഹബ്ബ് ആദ്യം വേദിയാകുക.
തൊട്ടടുത്ത ദിവസം ആസ്ട്രേലിയ ന്യൂസിലൻഡുമായി കൊമ്പുകോർക്കും. തുടർന്ന് ഒക്ടോബർ രണ്ടിന് ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനെ നേരിടും. ടീമുകളുടെ യാത്രാ സൗകര്യം നോക്കി പരിശീലന മത്സരങ്ങളിൽ ചിലപ്പോൾ മാറ്റം വന്നേക്കാമെന്നും കെ.സി.എ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സന്നാഹ മത്സരങ്ങളോടനുബന്ധിച്ച് കാര്യവട്ടം സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ കെ.സി.എയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. താരങ്ങളുടെ െഡ്രസിങ് റൂമുകളുടെയും സ്റ്റേഡിയത്തിലെ കസേരകളുടെയുമൊക്കെ പണികളാണ് അതിവേഗത്തിൽ പൂർത്തിയാക്കുന്നത്.
സൗകര്യങ്ങൾ വിലയിരുത്താൻ ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും നേതൃത്വത്തിലുള്ള 25 അംഗ സംഘം വ്യാഴാഴ്ച സ്റ്റേഡിയം സന്ദർശിച്ചു. ബ്രോഡ്കാസ്റ്റിങ്, ഹോസ്പിറ്റാലിറ്റി സംഘമാണ് എത്തിയത്. സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ സംഘം ഇന്ന് ഹൈദരാബാദിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.