ഇരു ടീമും ബാറ്റു ചെയ്യാൻ പ്രയാസപ്പെട്ട ലഖ്നോ മൈതാനത്തെ പിച്ചിനെതിരെ കടുത്ത വിമർശനമുയർത്തി ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ. നേരത്തെ റാഞ്ചിയിൽ കണ്ടതിനെക്കാൾ മോശം പിച്ചായിരുന്നു ലഖ്നോയിലേത്. 31 പന്തിൽ 26 അടിച്ച സൂര്യകുമാർ യാദവിന്റെയായിരുന്നു ഇരുടീമുകളിലെയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. മൊത്തം 40 ഓവറിൽ 30 ഓവറും എറിഞ്ഞത് സ്പിന്നർമാർ. അവയിലൊന്നും ഒരു സിക്സർ പോലും പറന്നില്ല.
സത്യസന്ധമായി പറഞ്ഞാൽ, ശരിക്കും ഞെട്ടിക്കുന്നതായിരുന്നു പിച്ച്. മോശം പിച്ചുകൾ വിഷയമാക്കുന്നില്ല. അവയിലും ബാറ്റു ചെയ്യും. എന്നാൽ, രണ്ടു കളികളിലെയും വിക്കറ്റുകൾ ട്വന്റി20ക്ക് ഉണ്ടാക്കിയതല്ല’’- ഹാർദിക് പറഞ്ഞു.
മൈതാനത്തെ പന്തിന്റെ കറക്കം തിരിച്ചറിഞ്ഞ ന്യൂസിലൻഡ് നായകൻ കിവി ഫാസ്റ്റ് ബൗളർ ലോക്കി ഫെർഗുസണെ കൊണ്ട് സ്പിൻ എറിയിക്കുന്ന കൗതുകവും മൈതാനത്തുകണ്ടു. ‘‘എല്ലായിടത്തും സ്പിൻ മാത്രം ആകട്ടെയെന്നായിരുന്നു തോന്നിയത്. ഓഫ് സ്പിൻ എറിഞ്ഞൂടെയെന്ന് ലോകിയോട് ഞാൻ ചോദിച്ചു. പൊതുവെ 12 ഓവറിൽ കൂടുതൽ സ്പിൻ എറിയാത്ത പിച്ചിൽ 16- 17 ഓവറും എറിഞ്ഞത് സ്പിൻ. അത് ശരിക്കും പതിവു രീതിയല്ല’’- സാന്റ്നർ പറഞ്ഞു.
ഇന്ത്യയാകട്ടെ, പേസർ ഉംറാൻ മാലികിനെ കരക്കിരുത്തി യുസ്വേന്ദ്ര ചാഹലിനെ ഇറക്കുന്നതും കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.