പാകിസ്താന്‍ ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് ഇന്‍സമാമുൽ ഹഖ്

കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താന്‍ ടീമിന്‍റെ മോശം പ്രകടനത്തിനും വിവാദങ്ങൾക്കും പിന്നാലെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് മുന്‍ ക്യാപ്റ്റൻ കൂടിയായ ഇന്‍സമാമുൽ ഹഖ്. ലോകകപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ശേഷം തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്താന്‍റെ സെമി സാധ്യതകൾ പ്രതിസന്ധിയിലായതിന് പിന്നാലെയാണ് ഇന്‍സമാമിന്‍റെ രാജി. ആറ് മത്സരങ്ങളിൽ രണ്ട് ജയം മാത്രമുള്ള ടീം നിലവിൽ ഏഴാം സ്ഥാനത്താണ്.

തന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാജിയെന്നും ആരോപണങ്ങളിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഇന്‍സമാം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫിനയച്ച രാജിക്കത്തില്‍ വ്യക്തമാക്കി. ആളുകൾ കാര്യങ്ങൾ അന്വേഷിക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും  ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് തിരിച്ചെത്താമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

പാക് താരങ്ങളുടെ പരസ്യ കരാറുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍റ് തൽഹ റഹ്മാനിയുടെ യാസോ ഇന്‍റര്‍നാഷനല്‍ ലിമിറ്റഡില്‍ ഇന്‍സമാമിനും ഓഹരി പങ്കാളിത്തമുണ്ടെന്ന് മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. പാക് ടീമിലെ പ്രമുഖ താരങ്ങളായ ക്യാപ്റ്റന്‍ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് റിസ്‌വാന്‍ എന്നിവരുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്നത് യാസോ ഇന്‍റര്‍നാഷനല്‍ ലിമിറ്റഡാണ്. ലോകകപ്പിന് മുമ്പ് കളിക്കാരുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കണമെന്നും ഐ.സി.സിയില്‍നിന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്ന വിഹിതത്തില്‍നിന്ന് ഒരു ഭാഗം തങ്ങൾക്കും നല്‍കണമെന്നും താരങ്ങള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇല്ലെങ്കില്‍ ലോകകപ്പിന് മുന്നോടിയായുള്ള പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും കളിക്കാര്‍ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരുന്നു. ഇന്‍സമാം ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. കളിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ പി.സി.ബി നിര്‍ബന്ധിതരായിരുന്നു.  

Tags:    
News Summary - Inzamamul Haq resigned as the chairman of the selection committee after the poor performance of the Pakistan team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.