ചെന്നൈ: ഐ.പി.എൽ പുതിയ സീസൺ താരലേലത്തിൽ റെക്കോഡിട്ട് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ്. മുമ്പ് ഇന്ത്യൻ താരം യുവരാജ് സിങ് സ്വന്തംപേരിൽ കുറിച്ച 16 കോടിയുടെ റെക്കോഡാണ് 25 ലക്ഷം അധികം വാങ്ങി രാജസ്ഥാൻ റോയൽസിലെത്തിയ മോറിസ് പഴങ്കഥയാക്കിയത്. 75 ലക്ഷമായിരുന്നു മോറിസിെൻറ അടിസ്ഥാന വില. എല്ലാ ടീമുകളും താരത്തിനു പിന്നാലെയായതോടെ തുക റെക്കോഡ് ഭേദിച്ച് കുതിച്ചുയരുകയായിരുന്നു.
വലതുകൈയ്യൻ ഫാസ്റ്റ് ബൗളറായ മോറിസ് ബാറ്റിങ്ങിൽ അവസാന ഓർഡറിൽ ഇറങ്ങി കൂറ്റൻ ഇന്നിങ്സുകൾക്കും പേരുകേട്ട താരമാണ്. ഇതുവരെയായി 70 ഐ.പി.എൽ മത്സരങ്ങൾ കളിച്ച് 80 വിക്കറ്റും 551 റൺസും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 2012ലാണ് ദക്ഷിണാഫ്രിക്കൻ ദേശീയ ജഴ്സി ആദ്യമായി അണിയുന്നത്. 2019നു ശേഷം ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടില്ല. എന്നിട്ടും, ഐ.പി.എല്ലിൽ റെക്കോഡിട്ടതാണ് കൗതുകമായത്.
14 കോടി വിലയിൽ ആസ്ട്രേലിയൻ പേസർ ജി റിച്ചാർഡ്സണെ പഞ്ചാബ് സ്വന്തമാക്കി. അതേ നാട്ടുകാരനായ ഓൾറൗണ്ടർ െഗ്ലൻ മാക്സ്വെലിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ലേലം പിടിച്ചത് 14.25 കോടിക്ക്. ഇന്ത്യയുടെ കൃഷ്ണപ്പ ഗൗതം 9.25 കോടിക്ക് ചെന്നൈയിലെത്തി. കൊൽക്കത്തയും ഹൈദരാബാദും ആദ്യാവസാനം രംഗത്തുണ്ടായിരുന്ന താരത്തിനായി അവസാനത്തിലാണ് ചെന്നൈ രംഗത്തെത്തുന്നതും വൻതുകക്ക് കൂടെ കൂട്ടുന്നതും.
മലയാളി താരം സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിറ്റുപോയത്. ഇരുവരും അടുത്ത സീസണിൽ ബംഗളൂരുവിനു വേണ്ടിയാകും കളിക്കുക.മറ്റൊരു മലയാളി താരം വിഷ്ണു വിനോദ് അതേ വിലക്ക് ഡൽഹിയിലെത്തി. കേരളത്തിന് കളിക്കുന്ന ജലജ് സക്സേനയെ 30 ലക്ഷം രൂപക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി
ബംഗ്ലദേശ് താരം ശകീബുൽ ഹസൻ 3.20 കോടിക്ക് െകാൽക്കത്തക്കായി ബാറ്റുവീശും. മുംബൈ ഇന്ത്യൻസ് അഞ്ചു കോടി നൽകി നഥാൻ കോൾട്ടർ നൈലിനെയും 3.20 കോടിക്ക് ആദം മൈനിനെയും 2.40 കോടിക്ക് പിയൂഷ് ചൗളയെയും സ്വന്തമാക്കി. തമിഴ്നാട് ഓൾറൗണ്ടർ ഷാറൂഖ് ഖാൻ 5.25 കോടിക്ക് പഞ്ചാബ് കിങ്സ് ഇലവനിലെത്തി.
ക്രിസ്റ്റഫർ മോറിസിനെ റെക്കോഡ് തുകക്ക് സ്വന്തമാക്കിയ രാജസ്ഥാൻ ശിവം ദുബെയെ 4.40 കോടിക്കും മുസ്തഫിസുർ റഹ്മാനെ ഒരു കോടിക്കും സ്വന്തമാക്കി.
ഇന്ത്യൻ താരം ചേതേശ്വർ പൂജാരയെ 50 ലക്ഷം രൂപക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. പൂജാര ഇനി മഹേന്ദ്ര സിങ് ധോണിക്കൊപ്പം പാഡുകെട്ടും. ഉമേഷ് യാദവിനെ ഒരുകോടി രൂപക്ക് സ്വന്തമാക്കിയ ഡൽഹി കാപിറ്റൽസ്, 5.25 കോടി രൂപക്ക് ഒാൾറൗണ്ടർ ടോം കറനെയും 2.20 കോടി രൂപക്ക് ഓസീസ് ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്തിനെയും അണിയിലെത്തിച്ചു.
ജേ റിച്ചാർഡ്സനെ 14 കോടി നൽകി സ്വന്തമാക്കിയ പഞ്ചാബ് കിങ്സ് എട്ടു കോടി നൽകി ആസ്ട്രേലിയൻ യുവ പേസർ റിലേ മെറെഡിത്തിനെയും 4.2 കോടി രൂപക്ക് മോയിസെസ് ഹെന്റിക്വസിനെയും ടീമിലെത്തിച്ചു.
ഓസീസ് ഓൾറൗണ്ടർ െഗ്ലൻ മാക്സ്വെലിനുവേണ്ടി പണമെറിഞ്ഞ ആർ.സി.ബി, ന്യൂസിലൻഡ് ഓൾറൗണ്ടർ കെയ്ൽ ജാമീസണിനുവേണ്ടി അതിനേക്കാൾ പണമൊഴുക്കി. 15 കോടി രൂപക്കാണ് ജാമീസൺ ബാംഗ്ലൂർ ടീമിലെത്തിയത്.
വലിയ വിലയിൽ മുഈൻ അലി
ചെന്നൈ മൈതാനത്ത് ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസം എട്ടു വിക്കറ്റുമായി നിറഞ്ഞാടിയ ഇംഗ്ലീഷ് സ്പിന്നറും ബാറ്റ്സ്മാനുമായ മുഈൻ അലി ഒറ്റക്കളി കൊണ്ട് ഐ.പി.എൽ താരലേലത്തിൽ വെട്ടിപ്പിടിച്ചത് വലിയ നേട്ടം. രണ്ടു കോടി അടിസ്ഥാന വിലയിട്ട താരത്തെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത് ഏഴു കോടിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.