മുംബൈ: നാലു തുടർ തോൽവികൾക്കുശേഷം നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിന് ഐ.പി.എൽ സീസണിൽ ആദ്യ ജയം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 23 റൺസിനാണ് ചെന്നൈ തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത ചെന്നൈ നാലിന് 216 റൺസടിച്ചപ്പോൾ ബാംഗ്ലൂരിന്റെ പോരാട്ടം ഒമ്പതിന് 193ൽ അവസാനിച്ചു.
കൂറ്റൻ ലക്ഷ്യത്തിനുമുന്നിൽ ഒരു ഘട്ടത്തിൽ നാലിന് 50 എന്ന നിലയിൽ തകർന്ന ബാംഗ്ലൂരിനായി ഷഹ്ബാസ് അഹ്മദ് (27 പന്തിൽ 41), ദിനേശ് കാർത്തിക് (14 പന്തിൽ 34), പുതുമുഖം സുയാഷ് പ്രഭുദേശായി (18 പന്തിൽ 34), ഗ്ലെൻ മാക്സ് വെൽ (11 പന്തിൽ 26) എന്നിവരാണ് പൊരുതിനിന്നത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയും (8) വിരാട് കോഹ്‍ലിയും (1) ചെറിയ സ്കോറിന് പുറത്തായി.
ചെന്നൈക്കായി മഹീഷ് തീക്ഷണ നാലും നായകൻ രവീന്ദ്ര ജദേജ മൂന്നും വിക്കറ്റ് വീഴ്ത്തി. നേരത്തേ, ഉജ്ജ്വല അർധസെഞ്ച്വറികളുമായി ഓപണർ റോബിൻ ഉത്തപ്പയും (50 പന്തിൽ 88) നാലാം നമ്പർ ബാറ്റർ ശിവം ദുബെയും (46 പന്തിൽ പുറത്താവാതെ 95) കാഴ്ചവെച്ച വിസ്ഫോടനാത്മക ബാറ്റിങ്ങാണ് ചെന്നൈക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 74 പന്തിൽ 165 റൺസാണ് കൂട്ടിച്ചേർത്തത്. ഋതുരാജ് ഗെയ്ക്‍വാദും (16 പന്തിൽ 17) മുഈൻ അലിയും (എട്ടു പന്തിൽ മൂന്ന്) മടങ്ങിയപ്പോൾ 6.4 ഓവറിൽ രണ്ടിന് 36 എന്ന സ്കോറിലാണ് ഉത്തപ്പയും ദുബെയും ക്രീസിൽ ഒത്തുചേർന്നത്. 18.5 ഓവറിൽ പിരിയുമ്പോഴേക്കും ഇരുവരും സ്കോർ 200 കടത്തിയിരുന്നു. ഉത്തപ്പ ഒമ്പതും ദുബെ എട്ടും സിക്സുകൾ പറത്തി.
ബൗണ്ടറികൾ യഥാക്രമം നാലും അഞ്ചുമേ നേടിയുള്ളൂ. ഇന്നിങ്സിൽ ആകെ സിക്സുകളുടെ എണ്ണവും ബൗണ്ടറികളെക്കാൾ കൂടുതലായിരുന്നു. 17 സിക്സുകൾ പിറന്നപ്പോൾ ബൗണ്ടറികൾ 12 എണ്ണം മാത്രം. മോശം ഫോം തുടരുന്ന ഗെയ്ക്‍വാദ് നന്നായി തുടങ്ങിയെങ്കിലും അധികം വൈകാതെ വീണു. മൂന്നു ബൗണ്ടറികളുമായി 17ലെത്തിയ ഗെയക്‍വാദിനെ നാലാം ഓവറിൽ ആദ്യ കളിക്കിറങ്ങിയ ഹേസൽവുഡ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. മൂന്നാമനായെത്തിയ മുഈൻ അലി റണ്ണൗട്ടാവുകയായിരുന്നു. അരങ്ങേറ്റക്കാരൻ സുയാഷ് പ്രഭുദേശായിയാണ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കുമായി ചേർന്ന് മുഈന് മടക്കടിക്കറ്റ് നൽകിയത്.
തുടർന്നായിരുന്നു ദുബെ-ഉത്തപ്പ കൂട്ടുകെട്ടിന്റെ രംഗപ്രവേശം. ഇരുവരും തുടക്കം മുതൽ ആക്രമിച്ചുകളിച്ചപ്പോൾ ബാംഗ്ലൂർ ബൗളർമാർക്കും ഫീൽഡർമാർക്കും വിശ്രമമുണ്ടായതേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.