മുംബൈ: 'ഒരു മര്യാദയൊക്കെ വേണ്ടേ..?' എന്ന് ഡൽഹി ക്യാപിറ്റൽസ് ബൗളർമാർ ജോസ് ബട്‍ലറോട് മനസ്സിലെങ്കിലും ചോദിച്ചിരിക്കണം. അതിരുകടന്നുപാഞ്ഞ ഒമ്പത് സിക്സറും ഫോറും. തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി ജോസ് ബട്‍ലർ കത്തിക്കയറിയ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ഡൽഹി ക്യാപിറ്റൽസിനെതിരെ 15 റൺസിന്റെ മിന്നും ജയം. സ്കോർ: രാജസ്ഥാൻ രണ്ടിന് 222. ഡൽഹി എട്ടിന് 207.
ബട്‍ലറുടെ ഇടിമിന്നലിൽ പിറന്ന പടുകൂറ്റൻ ലക്ഷ്യത്തെ നെഞ്ചുറപ്പോടെ നേരിട്ട ഡൽഹി ഇന്നിങ്സിലെ അവസാന രണ്ട് ഓവറുകൾ അത്യന്തം നാടകീയമായിരുന്നു. 12 പന്തിൽ ജയിക്കാൻ വേണ്ടത് 36റൺസ്. പക്ഷേ, പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവർ വിക്കറ്റ് മെയ്ഡൻ. ഐ.പി.എല്ലിലെ അത്യപൂർവ ഓവർ. ഒബെഡ് മകോയി എറിഞ്ഞ അവസാന ഓവറിൽ 36 റൺസെന്ന വിസ്മയ ലക്ഷ്യത്തിലേക്ക് റോവ്മാൻ പവൽ കൂസലില്ലാതെയാണ് ബാറ്റ് വീശിയത്. ആദ്യത്തെ മൂന്നു പന്തും സിക്സർ. അടുത്ത മൂന്നു പന്തും സിക്സറിലേക്ക് പറക്കുമോ എന്ന ജിജ്ഞാസക്കിടയിൽ മൂന്നാം പന്ത് നോ ബോൾ ആണെന്ന് തർക്കം. നാലാം പന്ത് ഡോട്ട് ബോൾ ആയതോടെ രാജസ്ഥാൻ വിജയം ഉറപ്പായി. അവസാന പന്തിൽ പവൽ വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ ഗ്ലൗസിലും ഒതുങ്ങി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി കൊൽക്കത്തക്കെതിരെ നിർത്തിയിടത്തുനിന്നായിരുന്നു ബട്‍ലറുടെ തുടക്കം. ഒപ്പം ദേവ്ദത്ത് പടിക്കലും കട്ടയ്ക്ക് നിന്നപ്പോൾ പന്തുകൾ പറപറന്നു. റണ്ണുകൾ കൂമ്പാരമായി. 36 പന്തിൽ നിന്നാണ് ബട്‍ലർ അർധ സെഞ്ച്വറി കുറിച്ചതെങ്കിൽ വെറും 31 പന്തിലായിരുന്നു ദേവ്ദത്തിന്റെ അർധ സെഞ്ച്വറി. പിന്നീടായിരുന്നു മൈതാനത്തിന് തീപിടിച്ചത്. ബട്‍ലർ ടോപ് ഗിയറിലേക്ക് മാറി. 35 പന്തിൽ 54 റൺസെടുത്ത ദേവ്ദത്ത് ഖലീൽ അഹമ്മദിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 155 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുയർത്തിയ ശേഷമായിരുന്നു ദേവ്ദത്ത് പടികടന്നത്.
ബട്‍ലർക്ക് കൂട്ടായി വന്ന ക്യാപ്റ്റൻ സഞ്ജു സാംസണും മാരക ഫോമിലേക്കുയർന്നു. അതിനിടയിൽ 57 പന്തിൽ ബട്‍ലർ തുടർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ചു. ഈ സീസണിലെ മൂന്നാം സെഞ്ച്വറി. മുംബൈക്കും കൊൽക്കത്തക്കുമെതിരെയായിരുന്നു മറ്റ് രണ്ട് സെഞ്ച്വറികൾ. രണ്ടാം വിക്കറ്റിൽ സഞ്ജുവും ബട്‍ലറും ചേർന്ന് 47 റൺസ് ചേർത്തുകഴിഞ്ഞപ്പോൾ 65 പന്തിൽ 116 റൺസെടുത്ത ബട്‍ലർ മുസ്തഫിസുർ റഹ്മാന്റെ പന്തിൽ വാർണർക്ക് പിടികൊടുത്തു. ഒടുവിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ രാജസ്ഥാൻ കൂറ്റൻ സ്കോറിലെത്തി. 19 പന്തിൽ 46 റൺസുമായി സഞ്ജുവും ഒരു റണ്ണുമായി ഷിംറോൺ ഹെറ്റ്മെയറും പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.