ഹർദിക്കിന് മൂന്നു വിക്കറ്റ്; രാജസ്ഥാൻ ബാറ്റിങ് തകർന്നു; ഗുജറാത്തിന് 131 റൺസ് വിജയലക്ഷ്യം

അഹ്മദാബാദ്: ഐ.പി.എൽ ഫൈനൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് ബാറ്റിങ് തകർച്ച. രാജസ്ഥാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിങ് വിക്കറ്റിൽ യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും മികച്ച നിലയിൽ തുടങ്ങിയെങ്കിലും പിന്നീട് വന്ന താരങ്ങൾ വേഗത്തിൽ മടങ്ങി.

ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഗുജറാത്ത് ബോളർമാർ കളംനിറഞ്ഞു. നാലു ഓവറിൽ 17 റൺസ് വഴങ്ങി ഹർദിക് മൂന്നു വിക്കറ്റെടുത്തു. രാജസ്ഥാൻ നിരയിൽ ജോസ് ബട്‌ലർ (39), യശസ്വി ജെയ്‌സ്വാള്‍ (22 റൺസ്) എന്നിവർ മാത്രമാണ് ഭേദപ്പെട്ട സ്കോർ നേടിയത്.

യാഷ് ദയാലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ സായ് കിഷോറിനു ക്യാച്ച് നൽകിയാണ് ജെയ്‌സ്വാള്‍ പുറത്തായത്. 16 പന്തിൽ ഒരു ഫോറും രണ്ട് സിക്സും അടക്കം 22 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. മികച്ച നിലയിൽ തുടങ്ങിയ ക്യാപ്റ്റൻ സഞ്ജുവിനെ ഹർദിക് പാണ്ഡ്യ വീഴ്ത്തി. അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു സായ് കിഷോറിന് ക്യാച്ച് നൽകി മടങ്ങി. 11 പന്തിൽ രണ്ടു ഫോർ അടക്കം 14 റൺസാണ് സഞ്ജു എടുത്തത്.

മെല്ലെത്തുടങ്ങിയ ദേവ്ദത്ത് പടിക്കലിനെ റാഷിദ് ഖാൻ വീഴ്ത്തിയപ്പോൾ, ജോസ് ബട്‌ലറെ ഹർദിക് പാണ്ഡ്യയും പുറത്താക്കി. ബട്‌ലറുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ കൈയിലൊതുക്കി. ഹാർദിക്കിന്‍റെ പന്തിൽനിന്ന് ഹെറ്റ്മെയറും വീണു. 11 റൺസെടുത്ത താരം ഹാർദിക്കിന് തന്നെ ക്യാച്ച് നൽകുകയായിരുന്നു.

പിന്നാലെ രവിചന്ദ്രൻ അശ്വിനും (ഒമ്പത് പന്തിൽ ആറു റൺസ്), ട്രെന്‍റ് ബോൾട്ട് (ഏഴു പന്തിൽ 11 റൺസ്), റിയാൻ പരാഗ് (15 റൺസ്), ഒബദ് മെക്കോയ് (എട്ട് റൺസ്) എന്നിവരും മടങ്ങി.

ഗുജറാത്തിനായ സായ് കിഷോർ രണ്ട് വിക്കറ്റും റാഷിദ് ഖാൻ, മുഹമ്മദ് ഷമി, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റും നേടി. നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്വാളിഫയറിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് രാജസ്ഥാൻ റോയൽസ് കലാശപ്പോരിന് ഇറങ്ങിയത്. ഗുജറാത്ത് ടൈറ്റൻസിൽ അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസൺ തിരിച്ചെത്തി.

സീസണിൽ 15 മത്സരങ്ങളിൽ 11ഉം ജയിച്ചാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ അടക്കം 16 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയം നേടി. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനായിരുന്നു. ഫൈനലിൽ ആര് ജയിച്ചാലും കപ്പ് ഏറ്റുവാങ്ങുക പുതിയ നായകനായിരിക്കും.

ടീം ഇങ്ങനെ: രാജസ്ഥാൻ റോയൽസ് -യശ്വസി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ, ഷിരോൺ ഹെയ്റ്റമെയർ, റിയാൻ പരാഗ്, രവിചന്ദ്ര അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസീദ് കൃഷ്ണ, ഒബദ് മെക്കോയ്, യുസ്‌വേന്ദ്ര ചഹൽ.

ഗുജറാത്ത് ടൈറ്റൻസ് -വൃന്ദിമാൻ സാഹ, ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, ഹർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, സായ് കിഷോർ, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി.

Tags:    
News Summary - IPL 2022 Final, GT vs RR Live Score: Rajasthan Royals In Big Trouble As Hardik Pandya Shines For Gujarat Titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.