ദുബൈ: ഐ.പി.എല്‍ മിനി താരലേലത്തില്‍ അബദ്ധം പിണഞ്ഞ് പഞ്ചാബ് കിങ്സ്. ആഭ്യന്തര ക്രിക്കറ്റില്‍ ഛത്തീസ്ഗഢിന് വേണ്ടി കളിക്കുന്ന ശശാങ്ക് സിങ്ങിനെ അബദ്ധത്തിലാണ് ടീം ലേലത്തിൽ വിളിച്ചെടുത്തത്. പിന്നാലെ തങ്ങൾ ഉദ്ദേശിച്ച താരം ഇതല്ലെന്ന് പറഞ്ഞ് പിന്മാറാൻ ശ്രമിച്ചെങ്കിലും ലേലം നിയന്ത്രിച്ചിരുന്ന മല്ലിക സാഗര്‍ അനുവദിച്ചില്ല.
മറ്റൊരു താരത്തെയാണ് പഞ്ചാബ് ടീമിലെത്തിക്കാന്‍ കരുതിയിരുന്നത്. അബദ്ധത്തിൽ താരത്തെ മാറിപോകുകയായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനു വേണ്ടി കളിച്ചിരുന്ന ശശാങ്കിനെ കഴിഞ്ഞ വര്‍ഷം ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. പിന്നീട് നടന്ന ലേലത്തില്‍ ആരും ശശാങ്കിനെ വിളിച്ചിരുന്നില്ല. ശശാങ്കിന്റെ അടിസ്ഥാന 20 ലക്ഷമായിരുന്നു.
ശശാങ്കിന്റെ പേര് വിളിച്ചപ്പോള്‍ തന്നെ പഞ്ചാബ് താരത്തിന് വേണ്ടി രംഗത്തെത്തി. മറ്റു ഫ്രാഞ്ചൈസികളൊന്നും താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ ലേലം ഉറപ്പിച്ചു. ഇതിനിടെയാണ് ടീം ഉടമകളായ നെസ് വാഡിയക്കും പ്രീതി സിന്റക്കും അബദ്ധം മനസ്സിലായത്. ഉടൻ തന്നെ ഇക്കാര്യം മല്ലികയെ അറിയിച്ചു. എന്നാല്‍ ലേലം ഉറപ്പിച്ച ശേഷം പിന്‍വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് അവർ മറുപടി നൽകി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരൻ ഓൾറൗണ്ടർ ശശാങ്ക് സിങ്ങിനെയായിരുന്നു പഞ്ചാബ് ലക്ഷ്യമിട്ടിരുന്നത്. ഈ താരത്തിന്‍റെ അടിസ്ഥാന വിലയും 20 ലക്ഷമായിരുന്നു. ലേലത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.