മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന് മാർച്ച് 22ന് തിരിതെളിയും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 7.30ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് സൂപ്പർതാരങ്ങളായ എം.എസ്. ധോണിയുടെയും വിരാട് കോഹ്ലിയുടെയും ടീമുകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കണക്കിലെടുത്ത് ആദ്യത്തെ 21 മത്സരങ്ങളുടെ സമയക്രമമാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. ഒമ്പതാം തവണയാണ് ചെന്നൈ ഐ.പി.എല്ലിൽ ഉദ്ഘാടന മത്സരം കളിക്കാൻ ഒരുങ്ങുന്നത്. തൊട്ടടുത്ത ദിവസമായ 23ന് രണ്ടു മത്സരങ്ങൾ നടക്കും. ഉച്ചക്കുശേഷം 3.30ന് മൊഹാലിയിൽ പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസിനെയും രാത്രി 7.30ന് ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെയും നേരിടും.
24നാണ് മറ്റൊരു ത്രില്ലർ പോരാട്ടം. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം രാത്രി 7.30ന് അഹ്മദാബാദിൽ നടക്കും. മുംബൈ ഇന്ത്യൻസിലേക്ക് നായകനായി മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യ തന്‍റെ പഴയ ടീമിനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഡൽഹി ക്യാപിറ്റല്‍സ് അവരുടെ ആദ്യത്തെ രണ്ടു മത്സരങ്ങൾ വിശാഖപട്ടണത്ത് കളിക്കും. വനിത പ്രീമിയർ ലീഗിന്‍റെ രണ്ടാംഘട്ട മത്സരങ്ങൾ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
മാർച്ച് 17ന് വനിത ലീഗ് പൂർത്തിയാങ്കുമെങ്കിലും പിച്ച് ഒരുക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണ് ഡൽഹിയുടെ ആദ്യത്തെ രണ്ടു മത്സരങ്ങൾ വിശാഖപട്ടണത്തേത്ത് മാറ്റിയത്.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 24ന് ആദ്യ മത്സരം കളിക്കും. ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്‍റ്സാണ് എതിരാളികൾ. ഏപ്രിൽ ഏഴുവരെയുള്ള മത്സരങ്ങളാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.