ശശാങ്ക്-അഷുതോഷ് വെടിക്കെട്ട്; ഗുജറാത്തിനെതിരെ പഞ്ചാബിന് മൂന്നു വിക്കറ്റ് ജയം

അഹ്മദാബാദ്: ഐ.പി.എല്ലിലെ ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് മൂന്നു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഒരു പന്തുകൾ ബാക്കി നിൽക്കെ പഞ്ചാബ് ലക്ഷ്യത്തിലെത്തി. സ്കോർ ഗുജറാത്ത് -20 ഓവറിൽ നാലിന് 199. പഞ്ചാബ് -19.5 ഓവറിൽ ഏഴു വിക്കറ്റിന് 200.

അവസാന ഓവറുകളിൽ ശശാങ്ക് സിങ്ങും അഷുതോഷ് ശർമയും നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. 29 പന്തിൽ 61 റൺസുമായി ശശാങ്ക് പുറത്താകാതെ നിന്നു. നാലു സിക്സുകളും ആറു ഫോറുകളുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. അഷുതോഷ് 17 പന്തിൽ 31 റൺസെടുത്തു. ദർശൻ നൽകണ്ടെ എറിഞ്ഞ അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻ ഏഴു റൺസാണ് വേണ്ടിയിരുന്നത്. ഒരു പന്തുകൾ ശേഷിക്കെ പഞ്ചാബ് ലക്ഷ്യത്തിലെത്തി. നായകൻ ശിഖർ ധവാൻ ഒരു റണ്ണുമായി വേഗത്തിൽ മടങ്ങി.

ജോണി ബെയർസ്റ്റോ (13 പന്തിൽ 22), പ്രഭ്സിംറാൻ സിങ് (24 പന്തിൽ 35), സാം കറൺ (എട്ടു പന്തിൽ അഞ്ച്), സികന്ദർ റാസ (16 പന്തിൽ 15), ജിതേഷ് ശർമ (എട്ടു പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒരു റണ്ണുമായി ഹർപ്രീത് ബ്രാർ പുറത്താകാതെ നിന്നു. ഗുജറാത്തിനായി നൂർ അഹ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തി. അസ്മത്തുല്ല ഒമർസായി, ഉമേഷ് യാദവ്, റാഷിദ് ഖാൻ, മൊഹിത് ശർമ, ദർശൻ നൽകണ്ടെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ നായകൻ ശുഭ്മൻ ഗില്ലിന്‍റെ അപരാജിത അർധ സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 48 പന്തിൽ താരം 89 റൺസെടുത്തു. നാലു സിക്സും ആറു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ടോസ് നേടിയ പഞ്ചാബ് നായകൻ ശിഖർ ധവാൻ ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വൃദ്ധിമാൻ സാഹ (13 പന്തിൽ 11), കെയിൻ വില്യംസൺ (22 പന്തിൽ 26), സായ് സുദർശൻ (19 പന്തിൽ 33), വിജയ് ശങ്കർ (10 പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ താരങ്ങൾ.

എട്ടു പന്തിൽ 23 റൺസെടുത്ത് രാഹുൽ തെവാത്തിയ പുറത്താകാതെ നിന്നു. പഞ്ചാബിനായി കഗിസോ റബാദ രണ്ടു വിക്കറ്റും ഹർപ്രീത് ബ്രാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. പരിക്കേറ്റ ലയാം ലിവിങ്സ്റ്റണിന് പകരം സിക്കന്ദർ റാസ പഞ്ചാബിന്‍റെ പ്ലെയിങ് ഇലവനിലെത്തി. പരിക്ക് കാരണം സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലറിനു പകരം കെയ്ന്‍ വില്യംസൺ ഗുജറാത്ത് നിരയിൽ ഇടംനേടി.

Tags:    
News Summary - IPL 2024: Shashank Singh's Valiant Knock Propels PBKS To 3-Wicket Win Over GT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.