കെയിൻ വില്യംസണിനെ ഇഷ്ടമില്ലാത്ത ക്രിക്കറ്റ് പ്രേമികൾ കുറവായിരിക്കും. മികച്ച താരമെന്നതിനേക്കാളുപരി കളിക്കളത്തിനകത്തും പുറത്തുമുള്ള വില്യംസണിന്റെ സൗമ്യമായ പെരുമാറ്റമാണ് ക്രിക്കറ്റ് ആരാധകർക്ക് അദ്ദേഹത്തെ ഏറെ പ്രിയപ്പെട്ടവനാക്കുന്നത്.
എന്നാൽ, നിർഭാഗ്യങ്ങളുടെ തോഴനായ ന്യൂസിലൻഡ് നായകന് ഐ.പി.എല്ലിൽ ഇതുവരെ ഒരു കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. സൺറൈസേഴ്സ് ഹൈദരാബാദിന്റെ കപ്പിത്താനായി പലതവണ ടീമിനെ സെമിയിലും ഫൈനൽ വരെയുമൊക്കെ വില്യംസൺ എത്തിച്ചിട്ടുണ്ട്.
എന്നാൽ, ഇത്തവണത്തെ ഐ.പി.എൽ താരലേലത്തിൽ സൺറൈസേഴ്സ് കെയിൻ വില്യംസണിനെ കൈവിട്ടു. 2022-ലെ ലേലത്തിൽ 14 കോടി രൂപയായിരുന്നു താരം നേടിയത്. ഈ വർഷം ഗുജറാത്ത് ടൈറ്റാൻസ് താരത്തിന്റെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്കാണ് വില്യംസണിനെ ടീമിലെത്തിച്ചത്. അതോടെ പുതിയ നാണക്കേടിന്റെ റെക്കോർഡും കിവീസ് നായകനെ തേടിയെത്തി.
മുൻ ഐപിഎൽ സീസണിലെ സാലറിയിൽ നിന്ന് 12 കോടി രൂപയാണ് ഗണ്യമായി കുറഞ്ഞിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു സീസൺ കൊണ്ട് ഇത്രയും ഭീമൻ തുക നഷ്ടപ്പെടുന്ന ആദ്യ കളിക്കാരനായി കെയ്ൻ വില്യംസൺ മാറിയിരിക്കുകയാണ്.
76 ഐ.പി.എൽ മത്സരങ്ങളിൽ നിന്നായി 36.22 ശരാശരിയിൽ 2101 റൺസാണ് താരമിതുവെരെ നേടിയത്. 89 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. 18 അർധ സെഞ്ച്വറികളും വില്യംസണിന്റെ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.