മുംബൈ: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ കടന്ന് ചാമ്പ്യന്മാരായ ആസ്ട്രേലിയൻ ടീമിലെ ഏഴുപേർ ഐ.പി.എൽ താരലേലത്തിൽ ‘കോടിപതികൾ’. അടിസ്ഥാനവില രണ്ടുകോടിയുള്ള മൊത്തം 25 പേരിൽ ഏഴും ആസ്ട്രേലിയക്കാരാണ്, അതും ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങൾ. പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, സ്റ്റീവൻ സ്മിത്ത്, ജോഷ് ഇൻഗ്ലിസ്, സീൻ ആബട്ട് എന്നിവരാണ് 2024 ഐ.പി.എൽ താരലേലത്തിലെ പ്രമുഖർ. ഡിസംബർ 19ന് ദുബൈയിലാണ് ലേലം. ആദ്യമായാണ് ഇന്ത്യക്കുപുറത്ത് താരലേലം നടക്കുന്നത്. ന്യൂസിലൻഡ് താരം രചിൻ രവീന്ദ്ര അടിസ്ഥാനവില 50 ലക്ഷമായി ഉയർത്തിയതും ശ്രദ്ധേയമായി. ന്യൂസിലൻഡ് നിരയിൽ 578 റൺസ് നേടിയ താരം അഞ്ചു വിക്കറ്റും വീഴ്ത്തി.
രണ്ടുകോടി വിലയുള്ള താരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ബൗളർ ജെറാൾഡ് കൂറ്റ്സീ, ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്, ഇന്ത്യയിൽനിന്ന് ഹർഷൽ പട്ടേൽ, ഷാർദുൽ ഠാകുർ, ഉമേഷ് യാദവ്, കേദാർ ജാദവ്, മുസ്തഫിസുർ റഹ്മാൻ, ടോം ബാന്റൺ, ബെൻ ഡക്കറ്റ്, ആദിൽ റാശിദ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, ലോക്കി ഫെർഗുസൺ, റാസി വാൻഡർ ഡസൻ, ആഞ്ചലോ മാത്യൂസ് തുടങ്ങിയവരുമുണ്ട്. 1.5 കോടി വിലയുള്ളവർ മുഹമ്മദ് നബി, മോയ്സസ് ഹെന്ററിക്സ്, ക്രിസ് ലിൻ, കെയിൻ റിച്ചാർഡ്സൺ, ഡാനിയൽ സാംസ്, ക്രിസ് ജോർഡൻ, ഡേവിഡ് മലാൻ, ടിം സൗത്തി, വനിന്ദു ഹസരംഗ, ജാസൺ ഹോൾഡർ തുടങ്ങിയവരാണ്.
10 ടീമുകൾക്കായി 77 ഒഴിവുകളാണ് നികത്തപ്പെടാനുള്ളത്. സ്റ്റാർക്, ഹെഡ്, രവീന്ദ്ര എന്നിവർക്കായി മത്സരം മുറുകുമെന്നുറപ്പ്. സ്റ്റാർക് തിരിച്ചെത്തിയാൽ നീണ്ട എട്ടുവർഷത്തിനുശേഷം താരത്തിന്റെ ഐ.പി.എൽ പുനഃപ്രവേശം കൂടിയാകും അത്. 2018ൽ ബാംഗ്ലൂർ ടീം 9.4 കോടിക്ക് സ്വന്തമാക്കിയിരുന്നെങ്കിലും പരിക്കുകാരണം ഇറങ്ങിയിരുന്നില്ല. ലോകകപ്പ് ഫൈനലിലെ താരമായിരുന്നു ട്രാവിസ് ഹെഡ്. എന്നാൽ, 2017നു ശേഷം ഇതുവരെ ഐ.പി.എൽ കളിച്ചിട്ടില്ല.
77 ഒഴിവുകളിലേക്ക് 1166 താരങ്ങളെയാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഹർഷൽ പട്ടേൽ, ബ്രൂക്, ഠാകുർ എന്നിവരെ വലിയ വിലക്ക് ടീമുകൾ വാങ്ങിയവരായിരുന്നെങ്കിലും പ്രകടനം മോശമായതോടെ ലേലത്തിൽ വിറ്റഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
സമാനമായി, വലിയ വിലക്ക് വാങ്ങുകയും അതിലേറെ വിലക്ക് വീണ്ടും ടീമിലെത്തിക്കുകയും ചെയ്ത തമിഴ്നാട് താരം ഷാറൂഖ് ഖാനും ഇത്തവണ ലേലത്തിനുണ്ടാകും. 40 ലക്ഷം രൂപയാണ് അടിസ്ഥാന വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.