ഐ.പി.എല്ലിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം പുരോഗമിക്കവേ, ആസ്ത്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാർണറെ സ്വന്തമാക്കി ഡൽഹി കാപിറ്റൽസ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 6.25 കോടിക്കാണ് ഡൽഹി വാങ്ങിയത്. 10 കളിക്കാരുടെ മാർക്വീ ലിസ്റ്റിലും വാർണർ ഉൾപ്പെട്ടിരുന്നു.
ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനായിരുന്ന വാർണർക്ക്, കഴിഞ്ഞ സീസണിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഹൈദരാബാദ് ആദ്യത്തെ ഐപിഎൽ കിരീടം ചൂടിയത് 2016ൽ വാർണറിന്റെ നേതൃത്വത്തിലായിരുന്നു. ഐപിഎലിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായ വാർണർ, 150 മത്സരങ്ങളിൽനിന്ന് 5449 റൺസാണ് ഇതുവരെ നേടിയത്.
ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് ഷമിയെ ഐ.പി.എല്ലിലെ പുതുമുഖമായ ഗുജറാത്ത് ടൈറ്റാൻസ് 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കി. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. രവിചന്ദ്ര അശ്വിനെ അഞ്ച് കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ചു. ഫാഫ് ഡ്യൂപ്ലസിസിനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഏഴ് കോടി രൂപയാണ് നൽകിയത്.
ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദയെ പഞ്ചാബ് 9.25 കോടിക്കാണ് ടീമിലെത്തിച്ചത്. ക്വിന്റൻ ഡീക്കോക്കിനെ 6.75 കോടിക്ക് പുതിയ ടീമായ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിച്ചു. ട്രെന്റ് ബോൾട്ടിനെ 8 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കി.
പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.