ഐ.പി.എൽ ഫൈനൽ ഇന്ന്; അഞ്ചാം കിരീടം തേടി ചെന്നൈ; ചാമ്പ്യൻപട്ടം നിലനിർത്താൻ ഗുജറാത്ത്

അഹ്മദാബാദ്: ഒരു ഭാഗത്ത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകരിലൊരാൾ, അന്തർദേശീയ മത്സരങ്ങളിൽനിന്ന് മുമ്പേ വിരമിച്ച് ഐ.പി.എൽ നേട്ടങ്ങളിലും റെക്കോഡിട്ട് വിടപറയാനൊരുങ്ങുന്നു. മറുഭാഗത്ത് ദേശീയ ടീമിന്റെ സ്ഥിരം ക്യാപ്റ്റൻസി വിദൂരമല്ലാത്ത ഭാവിയിൽ കൈപ്പിടിയിലൊതുക്കാനിരിക്കുന്നു, ഗുജറാത്ത് ടൈറ്റൻസിനെ അരങ്ങേറ്റ സീസണിൽതന്നെ ചാമ്പ്യന്മാരാക്കി ചരിത്രം കുറിച്ച് രണ്ടാം ഫൈനലിലുമെത്തിയിരിക്കുന്നു.

എം.എസ്. ധോണിയും ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ പ്രീമിയർ ലീഗ് 16ാം സീസണിന്റെ കലാശക്കളിയിൽ മൊട്ടേര സ്റ്റേഡിയത്തിൽ മുഖാമുഖം വരുമ്പോൾ ആരുടെ മിടുക്കാവും ഞായറാഴ്ച രാത്രി ജയം കാണുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ചെന്നൈ സൂപ്പർ കിങ്സ് പത്താം ഫൈനലിൽ കൊതിക്കുന്നത് അഞ്ചാം കിരീടമാണ്. ഗുജറാത്താവട്ടെ രണ്ടാം തവണയും കപ്പടിച്ച് നൂറുമേനി കൊയ്യാനുള്ള ഒരുക്കത്തിലും.

നാട്ടുകൂട്ടം കൊട്ടിപ്പാടുന്നേ..

കഴിഞ്ഞ തവണത്തെപ്പോലെ ഈ സീസണിലും മികച്ച ഫോമിലാണ് ഗുജറാത്ത്. ലീഗിലെ 14ൽ 10ഉം ജയിച്ച് പ്ലേ ഓഫിൽ കടന്നവർക്ക് പക്ഷെ, ഒന്നാം ക്വാളിഫയറിൽ ചെന്നൈയോട് 15 റൺസിന് തോൽക്കാനായിരുന്നു വിധി. ആ കേട് രണ്ടാം ക്വാളിഫയറിൽ മുംബൈയോട് തീർത്തു. 62 റൺസിന്റെ ആധികാരിക ജയം. കഴിഞ്ഞ നാലിൽ മൂന്നാം ഇന്നിങ്സിലും സെഞ്ച്വറിയുമായി തകർത്താടി ഓപണർ ശുഭ്മൻ ഗിൽ. 851 റൺസുമായി ടോപ് സ്കോററാവുമെന്ന് ഉറപ്പിച്ചു.

ബാറ്റിങ് പോലെ ശക്തമാണ് ഗുജറാത്തിന്റെ ബൗളിങ് നിരയും. വിക്കറ്റ് നേട്ടത്തിൽ ആദ്യ മൂന്നിൽ നിൽക്കുന്ന പേസർമാരായ മുഹമ്മദ് ഷമിയും മോഹിത് ശർമയും ലെഗ് സ്പിന്നർ റാഷിദ് ഖാനുമെല്ലാമടങ്ങിയ സംഘം. രണ്ടാം ക്വാളിഫയറിൽ 10 റൺസ് മാത്രം വഴങ്ങി മോഹിത് പറഞ്ഞുവിട്ടത് അഞ്ചുപേരെ. റാഷിദും പാണ്ഡ്യയും ഓൾ റൗണ്ടറുടെ ഡ്യൂട്ടിയും നന്നായി നിർവഹിക്കുന്നവരാണ്. സൂപ്പർ കിങ്സിനോട് ടൈറ്റൻസ് തോറ്റത് ചെന്നൈയിലായിരുന്നെങ്കിൽ ഇന്ന് ആതിഥേയരായാണ് പാണ്ഡ്യപ്പട.

അടിപൊളി ശിങ്കമാണ് ധോണി

ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ തന്ത്രങ്ങളെ വെല്ലാൻ ഇനിയും ആരുമില്ലെന്ന് ഓരോ മത്സരങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്തിന്റെ അപരാജിത യാത്രക്ക് അന്ത്യമിട്ടതിൽ ‘തല’ വഹിച്ച പങ്ക് ചെറുതല്ല. വിടവാങ്ങൽ സീസണെന്ന് ഏറക്കുറെ ഉറപ്പായ സാഹചര്യത്തിൽ ധോണി കിരീടം ഏറ്റുവാങ്ങി മടങ്ങുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഓപണർമാരായ ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്ക് വാദ്, തുടർന്നെത്തുന്ന അജിൻക്യ രഹാനെ എന്നിവരെല്ലാം റൺസ് വാരിക്കൂട്ടുന്നവരാണ്.

ധോണിയും മോശമാക്കുന്നില്ല. ലക്ഷണമൊത്ത ഓൾ റൗണ്ടറായി രവീന്ദ്ര ജദേജ പ്രതീക്ഷക്കും അപ്പുറത്തെ പ്രകടനം നടത്തുന്നു. ജദേജയുടെ സ്പിൻ ബൗളും മതീഷ പാതിരാനയുടെയും തുഷാർ ദേശ്പാണ്ഡെയുടെയും പേസും എതിർ ബാറ്റർമാരെ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ആർക്കാണ് മുൻതൂക്കമെന്നത് തീർത്തും പ്രവചനാതീതം. പ്ലേ ഓഫ് മത്സരങ്ങൾതന്നെ ഇതിന് തെളിവ്.

സാധ്യത ടീം

ചെന്നൈ: ഡെവൺ കോൺവേ, ഋതുരാജ് ഗെയ്‌ക്‌വാദ്, അജിൻക്യ രഹാനെ, ശിവം ദുബെ, മുഈൻ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജദേജ, എം.എസ്. ധോണി, ദീപക് ചാഹർ, മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, മതീഷ പതിരാന.

ഗുജറാത്ത്: ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, യാഷ് ദയാൽ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, മോഹിത് ശർമ.

കിരീടക്കളി ഇതുവരെ

• 2008 രാജസ്ഥാൻ റോയൽസ്

-ചെന്നൈ സൂപ്പർ കിങ്സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി

• 2009 ഡെക്കാൻ ചാർജേഴ്സ്

-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആറ് റൺസ് ജയം

• 2010 ചെന്നൈ സൂപ്പർ കിങ്സ് -മുംബൈ ഇന്ത്യൻസിനെ 22 റൺസിന് തോൽപിച്ചു

• 2011 ചെന്നൈ സൂപ്പർ കിങ്സ്

-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 58 റൺസിന് പരാജയപ്പെടുത്തി

• 2012 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ച് വിക്കറ്റ് ജയം

• 2013 മുംബൈ ഇന്ത്യൻസ്

-ചെന്നൈ സൂപ്പർ കിങ്സിനെ

23 റൺസിന് വീഴ്ത്തി

• 2014 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -കിങ്സ് ഇലവൻ പഞ്ചാബിനെ മൂന്ന് വിക്കറ്റിന് തോൽപിച്ചു

• 2015 മുംബൈ ഇന്ത്യൻസ്

-ചെന്നൈ സൂപ്പർ കിങ്സിനെതിരെ 41 റൺസ് ജയം

• 2016 സൺറൈസേഴ്സ് ഹൈദരാബാദ് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് റൺസിന് പരാജയപ്പെടുത്തി

• 2017 മുംബൈ ഇന്ത്യൻസ്

-പുണെ സൂപ്പർ ജയന്റ്സിനെ

ഒരു റണ്ണിന് വീഴ്ത്തി

• 2018 ചെന്നൈ സൂപ്പർ കിങ്സ്

-സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോൽപിച്ചു

•2019 മുംബൈ ഇന്ത്യൻസ്

-ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒരു റൺ ജയം

•2020 മുംബൈ ഇന്ത്യൻസ്

-ഡൽഹി കാപിറ്റൽസിനെ അഞ്ച്

വിക്കറ്റിന് പരാജയപ്പെടുത്തി

• 2021 ചെന്നൈ സൂപ്പർ കിങ്സ് -കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് വീഴ്ത്തി

• 2022 ഗുജറാത്ത് ടൈറ്റൻസ്

-രാജസ്ഥാൻ റോയൽസിനെ

ഏഴ് വിക്കറ്റിന് തോൽപിച്ചു

Tags:    
News Summary - IPL final 2023: Chennai Super Kings vs Gujarat Titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.