സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീനിന്റെ ആഹ്ലാദം

കാമറൂൺ ഗ്രീനിന് സെഞ്ച്വറി; മുംബൈ പ്ലേഓഫ് പടിവാതിലിൽ

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നിറഞ്ഞുനിന്ന കാണികൾക്ക് മുന്നിൽ മുംബൈക്ക് ജയിക്കാതിരിക്കാൻ ആവില്ലായിരുന്നു. ഐപിഎൽ പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമാകാൻ ജയം അനിവാര്യമായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉ‍യർത്തിയ 201 റൺസ് വിജയലക്ഷ്യം മുംബൈ ഇന്ത്യൻസ് അനായാസം മറികടന്നു. 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയെ (56) കൂട്ടുപിടിച്ച് തകർപ്പൻ സെഞ്ച്വറി നേടിയ കാമറൂൺ ഗ്രീനാണ്(100) മുംബൈയുടെ പ്രതീക്ഷകൾക്ക് ചിറകുമുളപ്പിച്ചത്. 47 പന്തിൽ 8 സിക്സറും എട്ടു ഫോറുമുൾപ്പെടെയായിരുന്നു ഗ്രീനിന്റെ ഇന്നിങ്സ്. ഓപണർ ഇശാൻ കിഷൻ 14 ഉം സൂര്യകുമാർ യാദവ് പുറത്താവാതെ 25 ഉം റൺസെടുത്തു.

ജയത്തോടെ 16 പോയിന്റുമായി പട്ടികയിൽ നാലാമതെത്തിയെങ്കിലും പ്ലേഓഫ് യോഗ്യത ഉറപ്പാക്കാൻ രാത്രിയിലെ  ബാംഗ്ലൂർ - ഗുജറാത്ത് മത്സരഫലം വരുംവരെ കാത്തിരിക്കണം. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ജയിച്ചാൽ രണ്ട് ടീമിനും 16 പോയിന്റാകും. റൺറേറ്റായിരിക്കും പിന്നീട് കാര്യങ്ങൾ തീരുമാനിക്കുക. ബാംഗ്ലൂർ തോറ്റാൻ മുംബൈക്ക് കാര്യങ്ങൾ എളുപ്പമാകും. മുംബൈ ജയിച്ചതോടെ രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായി.

നേരത്തെ  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് ഗംഭീര തുടക്കമാണ് ഓപ്പണർമാർ നൽകിയത്. വിവ്രാന്ത് ശർമയും മായങ്ക് അഗർവാളും ചേർന്ന് 140 റൺസിന്റെ കൂട്ടുകെട്ടാണ് നേടിയത്. 46 പന്തിൽ എട്ടു ഫോറും നാല് സിക്സറുമുൾപ്പെടെ 83 റൺസെടുത്ത മായങ്ക് അഗർവാളും 47 പന്തിൽ ഒൻപത് ഫോറും രണ്ടു സിക്സറുമുൾപ്പെടെ 69 റൺസെടുത്ത വിവ്രാന്ത് ശർമയും ആകാശ് മധ്വാളിന് വിക്കറ്റ് നൽകി മടങ്ങി. മികച്ച ഫോമിലുള്ള ഹെൻറിച്ച് ക്ലാസ്സെനെ (18) ഫോമിലേക്ക് ഉയർത്താതെ മധ്വാൾ മടക്കി. തൊട്ടടുത്ത പന്തിൽ ഹാരി ബ്രൂക്കിനെയും (0) വീഴ്ത്തി.

ഗ്ലെൻ ഫിലിപ്സ് (1) ക്രിസ് ജോർദന് വിക്കറ്റ് നൽകി. ഐഡൻ മാർക്രം (13) സാൻവിർ സിങ്ങ് (4) എന്നിവർ പുറത്താകാതെ നിന്നു. ആകാശ് മധ്വാൾ നാല് വിക്കറ്റെടുത്തു. 

Tags:    
News Summary - IPL: Mumbai won by 8 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.