ഹൈദരാബാദ്: ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഇടിമിന്നലായപ്പോൾ, ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് പത്ത് വിക്കറ്റിന്‍റെ അനായാസ ജയം. ലഖ്നോ കുറിച്ച 166 റൺസ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 58 പന്തിൽ ഹൈദരാബാദ് മറികടന്നു.
ജയത്തോടെ 14 പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. സ്കോർ: ലഖ്നോ -20 ഓവറിൽ നാലു വിക്കറ്റിന് 165. ഹൈദരാബാദ് -9.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 167. ട്രാവിസ് 30 പന്തിൽ 89 റൺസെടുത്തു. എട്ടു വീതം സിക്സും ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. അഭിഷേക് 28 പന്തിൽ ആറു സിക്സും എട്ടു ഫോറുമടക്കം 75 റൺസെടുത്തു. തുടക്കം മുതൽ ലഖ്നോ ബൗളർമാരെ അടിച്ചുപറത്തിയ ഇരുവരും പവർ പ്ലേയിൽ മാത്രം 107 റൺസാണ് നേടിയത്. ലഖ്നോവിനായി പന്തെറിയാനെത്തിയവരെല്ലാം ഇരുവരുടെയും ബാറ്റിന്‍റെ ചൂടറിഞ്ഞു.
ഹൈദരാബാദ് ജയിച്ചതോടെ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് സാധ്യത പൂർണമായി അടഞ്ഞു. നേരത്തെ, ആയുഷ് ബദോനിയുടെ അർധ സെഞ്ച്വറിയാണ് ലഖ്നോവിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 30 പന്തിൽ ഒമ്പത് ഫോറടക്കം 55 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. നികോളാസ് പൂരൻ (26 പന്തിൽ 48*) മികച്ച പിന്തുണ നൽകി. ഇരുവരും അഞ്ചാം വിക്കറ്റിൽ നേടിയ അപരാജിത 99 റൺസ് കൂട്ടുകെട്ടാണ് ടീമിന്‍റെ അടിത്തറ.
നായകൻ കെ.എൽ. രാഹുൽ (33 പന്തിൽ 29), ക്വിന്‍റൺ ഡികോക്ക് (അഞ്ചു പന്തിൽ രണ്ട്), മാർകസ് സ്റ്റോയിനിസ് (അഞ്ചു പന്തിൽ മൂന്ന്), ക്രുണാൽ പാണ്ഡ്യ (21 പന്തിൽ 24) എന്നിവരാണ് പുറത്തായ താരങ്ങൾ. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ രണ്ടും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.