ചെന്നൈ: ഡെങ്കിപ്പനി ബാധിച്ച ഇന്ത്യൻ ഓപണർ ശുഭ്മൻ ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. േപ്ലറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതിനെ തുടർന്നാണ് താരത്തെ ചെന്നൈയിലെ ‘കാവേരി’ ആശുപത്രിയിലാക്കിയതെന്ന് ബി.സി.സി.ഐ പ്രതിനിധി വാർത്ത ഏജൻസിയായ പി.ടി.ഐയോട് വെളിപ്പെടുത്തി. ഗില്ലിന്റെ ആരോഗ്യ സ്ഥിതി ബി.സി.സി.ഐ മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെന്നൈയിലെ ടീം ഹോട്ടലിൽ കഴിഞ്ഞിരുന്ന ഗില്ലിന് ഡ്രിപ്പ് നൽകിയിരുന്നു. േപ്ലറ്റ്ലറ്റ് കൗണ്ട് 70,000ത്തിലേക്ക് താഴ്ന്നതോടെയാണ് ആശുപത്രിയിലാക്കാൻ നിർബന്ധിതമായത്. ടീം ഡോക്ടർ റിസ്‍വാൻ ആരോഗ്യ പുരോഗതി നിരീക്ഷിക്കാൻ ഗില്ലിനൊപ്പം ഉണ്ട്.
രോഗം ഭേദമാകാത്തതിനാൽ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരവും ഗില്ലിന് നഷ്ടമാകുമെന്ന് ഇന്നലെ ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യാൻ ഗില്ലിന് കഴിയില്ലെന്നും 11ന് അഫ്ഗാനിസ്താനെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന് കളിക്കാനാവില്ലെന്നുമായിരുന്നു സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചത്.
2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത് ഗിൽ ആയിരുന്നു. ആസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണ് ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ താരത്തിന് ആദ്യ മത്സരം കളിക്കാനായിരുന്നില്ല. ഗില്ലിന് പകരം ഇഷാൻ കിഷനാണ് ഓപണറുടെ റോളിലെത്തിയത്. മത്സരത്തിൽ ഇന്ത്യ ആസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.