കഴിഞ്ഞ ദിവസം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങേറിയ അഫ്ഗാനിസ്താനെതിരായ പരമ്പരയിലെ അവസാന മത്സരത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് ഒഴിഞ്ഞിട്ടില്ല. ട്വന്റി 20 മത്സരത്തിന്റെ സകല ത്രില്ലും നിറഞ്ഞ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് ഇന്ത്യ ജയം പിടിച്ചത്. ഏറെ കാലത്തിന് ശേഷം ക്രിക്കറ്റിലെ കുഞ്ഞൻ ഫോർമാറ്റിൽ തിരിച്ചെത്തിയ സൂപ്പർ താരം വിരാട് കോഹ്‍ലിക്ക് ബാറ്റിങ്ങിൽ കാര്യമായി തിളങ്ങാനായില്ലെങ്കിലും ഫീൽഡിങ്ങിൽ താരത്തിന്റെ തകർപ്പൻ പ്രകടനം ജയത്തിൽ നിർണായകമായിരുന്നു.
അഫ്ഗാന് ജയിക്കാൻ 20 പന്തിൽ 48 റൺസ് വേണ്ടിയിരിക്കെ സിക്സർ തടയാൻ കോഹ്‍ലി നടത്തിയ ശ്രമത്തിലെ ‘ബുംറ ഇഫക്ട്’ തേടിപ്പിടിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ബാൾ കൈയിലൊതുക്കാൻ കോഹ്‍ലി ഉയർന്നു ചാടിയപ്പോഴുള്ള ആക്ഷൻ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ആക്ഷന് സമാനമാണെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോഹ്‍ലിയുടെ ചിത്രത്തിനൊപ്പം ബുംറയുടെ ബൗളിങ് ആക്ഷൻ ചേർത്തുവെച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. പന്ത് കോഹ്‍ലി കൈയിലൊതുക്കിയെങ്കിലും ലൈൻ കടക്കുമെന്നായപ്പോൾ അകത്തേക്കിടുകയായിരുന്നു. നിർണായക ഘട്ടത്തിൽ സിക്സ് തടഞ്ഞ താരത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.
മത്സരത്തിൽ ആവേശ് ഖാന്റെ പന്തിൽ 40 മീറ്ററോളം ഓടി നജീബുല്ല സദ്റാനെ പുറത്താക്കാൻ കോഹ്‍ലിയെടുത്ത ക്യാച്ചും അഭിനന്ദനങ്ങൾക്കിടയാക്കിയിരുന്നു. രണ്ടിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.